പുതിയ സംവിധാനവുമായി ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി; ബില്ലുകൾ കൂടുതൽ സുതാര്യവും കൃത്യവുമാകും
text_fieldsമനാമ: വൈദ്യുതി, വെള്ളം ബില്ലുകൾ കൂടുതൽ സുതാര്യമാക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി ആവിഷ്കരിച്ച പുതിയ സംവിധാനം ഫെബ്രുവരി ആദ്യം നിലവിൽവരും. പുതിയ ഉപഭോക്തൃ സേവന സംവിധാനവും ബില്ലിങ് സംവിധാനവുമാണ് നടപ്പാക്കുന്നത്. അതോറിറ്റിയുടെ സേവനം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഡിജിറ്റൽവത്കരണത്തിൽ ശ്രദ്ധ പതിപ്പിക്കുകയാണെന്നും അതോറിറ്റി പ്രസിഡന്റ് കമാൽ ബിൻ അഹ്മദ് മുഹമ്മദ് പറഞ്ഞു. ആധുനിക സാങ്കേതികവിദ്യയെ ആശ്രയിച്ചാണ് പുതിയ ബില്ലിങ് സംവിധാനം. ബില്ലുകൾ കൂടുതൽ വ്യക്തമാകുന്ന രീതിയിലായിരിക്കും തയാറാക്കുക. ബില്ലുകളുടെ സുതാര്യതയും കൃത്യതയും ഉറപ്പ് വരുത്താനും നടപടി സ്വീകരിക്കും.
പുതിയ സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി അതോറിറ്റിയിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും ആയിരത്തിലധികം ജീവനക്കാർക്ക് സമഗ്രപരിശീലനം നൽകി. പദ്ധതിക്കാവശ്യമായ ഉപകരണങ്ങളും മറ്റ് സജ്ജീകരണങ്ങളും ഏർപ്പാടാക്കി. ബില്ലുകൾ സംബന്ധിച്ച ഉപഭോക്താക്കളുടെ പരാതി പരിഹരിക്കാൻ പുതിയ സംവിധാനത്തിന് കഴിയുമെന്നാണ് പ്രതീക്ഷ.