വില വിവരങ്ങൾ വ്യക്തമായി പ്രദർശിപ്പിക്കണം, കേടുപാടുള്ള സാധനങ്ങൾ മാറ്റിനൽകണം; കടയുടമകൾക്ക് കർശന മുന്നറിയിപ്പുമായി ബഹ്‌റൈൻ വാണിജ്യ മന്ത്രാലയം
text_fieldsപ്രതീകാത്മക ചിത്രം
മനാമ: കടകളിൽ സുരക്ഷിതവും കേടുപാടുകൾ ഇല്ലാത്തതുമായ ഉൽപ്പന്നങ്ങൾ മാത്രമേ വിൽക്കാൻ പാടുള്ളൂ എന്നും, ഉൽപ്പന്നങ്ങളുടെ വില വിവരങ്ങൾ വ്യക്തമായി പ്രദർശിപ്പിക്കണമെന്നും ബഹ്‌റൈൻ വ്യവസായ വാണിജ്യ മന്ത്രാലയം കടയുടമകൾക്ക് കർശന മുന്നറിയിപ്പ് നൽകി. മന്ത്രാലയം ആരംഭിച്ച ‘നിങ്ങളുടെ അവകാശങ്ങൾ മനസ്സിലാക്കുക. നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുക’ എന്ന പുതിയ ബോധവൽക്കരണ കാമ്പയിനിന്‍റെ ഭാഗമായാണ് മുന്നറിയിപ്പ്.
വിൽക്കുന്ന സാധനത്തിന്റെ ഗുണനിലവാരം, സവിശേഷതകൾ, വില എന്നിവ ഉപഭോക്താക്കൾക്ക് വ്യക്തമായി മനസ്സിലാകുന്ന രീതിയിലായിരിക്കണം പ്രദർശിപ്പിക്കേണ്ടത്. ഓഫർ അല്ലെങ്കിൽ സെയിൽസ് സമയത്ത് ഉൽപ്പന്നത്തിന്റെ യഥാർഥ വിലയും ഓഫർ വിലയും ഒരുമിച്ച് പ്രദർശിപ്പിക്കണം. കേടുപാടുള്ള സാധനങ്ങൾ വാറന്റി കാലയളവിനുള്ളിൽ നന്നാക്കി നൽകാൻ വ്യാപാരികൾ ബാധ്യസ്ഥരാണ്. ഉൽപ്പന്നം തകരാറുള്ളതാണെങ്കിലോ വ്യാപാരി നൽകിയ വിവരണവുമായി പൊരുത്തപ്പെടാത്തതാണെങ്കിലോ ഉപഭോക്താവിന് അത് മാറ്റി വാങ്ങാനോ പണം തിരികെ വാങ്ങാനോ അവകാശമുണ്ട്. തകരാറിലായ സാധനങ്ങൾ റിപ്പയർ ചെയ്യുന്നതിനായി കൊണ്ടുപോകുന്നതിനുള്ള ചിലവും വ്യാപാരികൾ തന്നെ വഹിക്കണം.
സാധനങ്ങൾ ഡെലിവറി വാങ്ങുന്നതിന് മുമ്പ് കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും, ബില്ലുകളും വാറന്റി കാർഡുകളും സൂക്ഷിച്ചുവെക്കണമെന്നും മന്ത്രാലയം ഉപഭോക്താക്കളോട് അഭ്യർഥിച്ചു. എന്തെങ്കിലും പരാതികളുണ്ടെങ്കിൽ ഉപഭോക്തൃ സംരക്ഷണ ഡയറക്ടറേറ്റിൽ രേഖകൾ സഹിതം പരാതി നൽകാം. നിയമലംഘനം നടത്തുന്ന വ്യാപാരികൾക്ക് 10,000 ദിനാർ വരെ പിഴ ഈടാക്കുന്നതാണ്. മനപ്പൂർവ്വം വ്യാജ പരസ്യങ്ങൾ നൽകി ഉപഭോക്താക്കളെ പറ്റിക്കുന്നവർക്ക് തടവുശിക്ഷ വരെ ലഭിക്കാം. കുറ്റം ആവർത്തിക്കുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടാനും കൊമേർഷ്യൽ രജിസ്റ്ററിൽ നിന്ന് നീക്കം ചെയ്യാനും നിയമത്തിൽ വ്യവസ്ഥയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

