ബഹ്‌റൈനിലെ ഏറ്റവും വലിയ സ്പോർട്സ് സിറ്റി ഒരുങ്ങുന്നു; ആദ്യ ഘട്ടത്തിന് ചെലവ് 10 കോടി ദിനാർ
text_fieldsമനാമ: ലോകോത്തര നിലവാരമുള്ള കായിക സൗകര്യങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിനോദസഞ്ചാര ആകർഷണങ്ങൾ എന്നിവ സംയോജിപ്പിച്ച് ബഹ്‌റൈൻ രാജ്യത്തിന്റെ ഏറ്റവും വലിയ വികസന പദ്ധതികളിലൊന്നായ സ്പോർട്സ് സിറ്റി പദ്ധതിക്ക് ഒരുങ്ങുന്നു. സതേൺ ഗവർണറേറ്റിൽ ഒരുങ്ങുന്ന ബഹുമുഖ പദ്ധതി, ബഹ്‌റൈനെ പ്രാദേശിക കായിക മികവിന്റെയും സാമൂഹിക ഇടപെടലിന്റെയും കേന്ദ്രമാക്കി മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടത്തിനായുള്ള ടെൻഡർ വിളിക്കാൻ ടെൻഡർ ബോർഡിനോട് ആവശ്യപ്പെടുന്ന നിർദ്ദേശത്തിന് സതേൺ മുനിസിപ്പൽ കൗൺസിൽ കഴിഞ്ഞ ദിവസം ഏകകണ്ഠമായി അംഗീകാരം നൽകി.
ആദ്യ ഘട്ടത്തിന് 100 മില്യൺ ദിനാറിൽ (10 കോടിയിലധികം ദിനാർ) അധികം ചെലവ് വരുമെന്നാണ് പ്രാഥമികമായി കണക്കാക്കുന്നത്. 2026ൽ ആദ്യ ഘട്ടത്തിനുള്ള ടെൻഡറുകൾ പുറത്തിറക്കാനാണ് കൗൺസിൽ ലക്ഷ്യമിടുന്നത്. സ്പോർട്സ് സിറ്റിയെ ഒരു കായിക വേദി എന്നതിലുപരി അത്‌ലറ്റുകൾക്കും വിദ്യാർഥികൾക്കും പൊതുസമൂഹത്തിനും ഉപകരിക്കുന്ന സമഗ്ര വികസന കേന്ദ്രമായാണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് കൗൺസിൽ ചെയർമാൻ അബ്ദുല്ല അബ്ദുല്ലത്തീഫ് പറഞ്ഞു.
“നമുക്ക് മറ്റൊരു സ്റ്റേഡിയം മാത്രമല്ല വേണ്ടത്, കായികം, വിദ്യാഭ്യാസം, വിനോദം എന്നിവ സമന്വയിപ്പിക്കുന്ന ഒരു മുഴുവൻ നഗരം വേണം. യുവജനങ്ങൾക്ക് പ്രചോദനമാവുന്നതും ടൂറിസത്തെ പിന്തുണയ്ക്കുന്നതും ദേശീയ സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭാവന നൽകുന്നതുമായ ഒരു കേന്ദ്രമായി ഇത് മാറണം” -അബ്ദുല്ലത്തീഫ് പറഞ്ഞു. വാണിജ്യ, ഹോസ്പിറ്റാലിറ്റി ഘടകങ്ങൾ സംയോജിപ്പിക്കുന്നതിലൂടെ കായിക മത്സരങ്ങൾ നടക്കുന്ന ദിവസങ്ങളിൽ മാത്രമല്ല, വർഷം മുഴുവനും ഈ പദ്ധതി സ്വയംപര്യാപ്തവും സജീവവുമായി നിലനിൽക്കുമെന്നും അബ്ദുല്ലത്തീഫ് കൂട്ടിച്ചേർത്തു.
പ്രധാന സൗകര്യങ്ങൾ
- 50,000 കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള സ്റ്റേഡിയം.
- 10,000 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന മൾട്ടി പർപ്പസ് ഇൻഡോർ ഹാൾ.
- അന്താരാഷ്ട്ര നിലവാരമുള്ള ഫുട്ബാൾ പിച്ചുകളും അത്‌ലറ്റിക് ട്രാക്കുകളും.
- ഒളിമ്പിക് നിലവാരത്തിലുള്ള നീന്തൽക്കുളങ്ങൾ.
- പ്രധാന അന്താരാഷ്ട്ര ടൂർണമെന്റുകൾക്ക് ആതിഥേയത്വം വഹിക്കുന്നതിനും സന്ദർശകരെ ആകർഷിക്കുന്നതിനുമായി ഷോപ്പിങ് മാളും ഹോട്ടലുകളും ഹോസ്പിറ്റാലിറ്റി സൗകര്യങ്ങളുമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

