ബഹ്റൈനിലെ ആദ്യ സൗരോർജ്ജ നിലയത്തിന്‍റെ പ്രവർത്തനം ആരംഭിച്ചതായി ഇവ
text_fieldsമനാമ: രാജ്യത്തെ ആദ്യത്തെ സൗരോർജ്ജ നിലയത്തിന്‍റെ പ്രവർത്തനം ആരംഭിച്ചതായി ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ഇവ) പ്രഖ്യാപിച്ചു. 150 മെഗാവാട്ട് വരെ ഉൽപ്പാദന ശേഷിയുള്ള ഈ പദ്ധതി, സ്വകാര്യ മേഖലയുമായി സഹകരിച്ചാണ് വികസിപ്പിക്കുന്നത്.
ബഹ്റൈനിന്റെ ഊർജ്ജ മേഖലയിൽ നിർണായക ചുവടുവെപ്പായും പദ്ധതിയെ വിലയിരുത്തുന്നുണ്ട്. 2060 ഓടെ നെറ്റ്-സീറോ കാർബൺ ഉദ്‌വമനം എന്ന ബഹ്റൈനിന്റെ ലക്ഷ്യം കൈവരിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണിത്. പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളെ ആശ്രയിക്കുന്നത് വർധിപ്പിക്കുന്നതിനുള്ള അതോറിറ്റിയുടെ ഏറ്റവും പ്രധാനപ്പെട്ട സംരംഭങ്ങളിൽ ഒന്നാണിതെന്ന് ഇവ പ്രസിഡന്റ് എൻജിനീയർ കമാൽ ബിൻ അഹമ്മദ് മുഹമ്മദ് പറഞ്ഞു. ബഹ്റൈനിന്റെറ തെക്കൻ മേഖലയിൽ, ബിലാജ് അൽ ജസായറിനടുത്ത് ഏകദേശം 1.2 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് നിലയം സ്ഥാപിക്കുന്നത്.
പദ്ധതി വികസിപ്പിക്കുന്നതിന്‍റെ ഭാഗമായി, പ്രാദേശിക, അന്താരാഷ്ട്ര ഡെവലപ്പർമാരുമായും മറ്റ് സ്ഥാപനങ്ങളുമായും ആശയവിനിമയം നടത്താൻ ഓഗസ്റ്റ് 14-ന് ഒരു ഗ്ലോബൽ മാർക്കറ്റ് സൗണ്ടിംഗ് സംഘടിപ്പിക്കും. ഇതിലൂടെ, പദ്ധതിയുടെ സാങ്കേതിക, സാമ്പത്തിക ഘടനകൾ അവതരിപ്പിക്കാനും ടെൻഡർ പ്രക്രിയയിൽ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കാനും ലക്ഷ്യമിടുന്നു.
ഈ വർഷം നാലാം പാദത്തിൽ ടെൻഡർ പുറത്തിറക്കാൻ തീരുമാനിച്ചിട്ടുണ്ട്, വാണിജ്യപരമായ പ്രവർത്തനങ്ങൾ 2027-ന്‍റെ മൂന്നാം പാദത്തിൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയിൽ പങ്കാളികളാകാൻ താൽപ്പര്യമുള്ള സ്ഥാപനങ്ങൾക്ക് project@ewa.bh എന്ന ഇമെയിൽ വിലാസത്തിൽ താൽപ്പര്യപത്രം സമർപ്പിക്കാം.
ഈ നിലയം പ്രവർത്തനക്ഷമമായാൽ, ഏകദേശം 6,300 വീടുകൾക്ക് ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കാൻ സാധിക്കും. കൂടാതെ, പ്രതിവർഷം 100,000 ടണ്ണിലധികം കാർബൺ ഉദ്‌വമനം കുറയ്ക്കാനും ഇത് സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

