മതസ്വാതന്ത്ര്യം: ബഹ്‌റൈന്റെ പ്രതിബദ്ധത അഭിനന്ദനീയമെന്ന് ഫ്രഞ്ച് ഉപദേഷ്ടാവ്
text_fieldsജീൻ-ക്രിസ്‌റ്റോഫ് പ്യൂസെല്ലെ
മനാമ: മതസ്വാതന്ത്ര്യവും വിശ്വാസസ്വാതന്ത്ര്യവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബഹ്‌റൈന്റെ നിലപാടും പ്രതിബദ്ധതയും അഭിനന്ദനീയമാണെന്ന് യൂറോപ്യൻ, വിദേശകാര്യങ്ങൾക്കായുള്ള ഫ്രഞ്ച് മന്ത്രാലയത്തിലെ മതകാര്യ ഉപദേഷ്ടാവ് ജീൻ-ക്രിസ്‌റ്റോഫ് പ്യൂസെല്ലെ അഭിപ്രായപ്പെട്ടു.
മതങ്ങൾ തമ്മിലുള്ള സംവാദം വർധിപ്പിക്കുന്നതിനുള്ള ബഹ്‌റൈന്റെ നിരന്തര പ്രതിബദ്ധതയെ അദ്ദേഹം അഭിനന്ദിച്ചു. ഒരു പൊതുസമൂഹം കെട്ടിപ്പടുക്കുന്നതിൽ ഇതിന് ഏറെ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മതസ്വാതന്ത്ര്യം സംബന്ധിച്ച ഇ.യു-ബഹ്റൈൻ കോൺഫറൻസിന്റെ പശ്ചാത്തലത്തിൽ ബഹ്റൈൻ ന്യൂസ് ഏജൻസിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മൾ ധീരമായ ആദരവോടെ പരിശീലിച്ചില്ലെങ്കിൽ ഈ മതാന്തര സംവാദത്തിന് പൊതുസമൂഹത്തെ കെട്ടിപ്പടുക്കാൻ കഴിയില്ല. അത് ആദ്യം പരാജയവും രണ്ടാമതായി സമൂഹത്തിന് അപകടകരവുമായിരിക്കും. മതസ്വാതന്ത്ര്യവും വിശ്വാസസംവാദവും സംബന്ധിച്ച കോൺഫറൻസിന്റെ വിഷയം ലോകത്തെവിടെയും എപ്പോഴും വളരെ പ്രധാനമാണ്. കാരണം, മതത്തിന്റെയും വിശ്വാസത്തിന്റെയും സ്വാതന്ത്ര്യം ഏറ്റവും അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങളിൽ ഒന്നാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്ത് എല്ലാവരും പറയുന്നത് അവർ മതസ്വാതന്ത്ര്യത്തെയും വിശ്വാസത്തെയും ബഹുമാനിക്കുന്നുവെന്നാണ്. എന്നാൽ, പ്രായോഗികാർഥത്തിൽ ഇത് യാഥാർഥ്യത്തിൽനിന്ന് വളരെ അകലെയാണ്. കൂടാതെ, നിരവധി അവകാശ ലംഘനങ്ങൾ നടക്കുന്നുണ്ടെന്നും നമുക്കറിയാം.
എന്നാൽ, ചില സമയങ്ങളിൽ രാജ്യങ്ങളും വ്യക്തികളും ഇത് സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് മനസ്സിലാക്കുന്നില്ല. അതിനാൽ, ഇക്കാര്യം അന്താരാഷ്ട്ര സമൂഹത്തിന്റെ അജണ്ടയിൽ ഉൾപ്പെടുത്തുന്നത് പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.