ബഹ്‌റൈൻ 'ഓട്ടം ഫെയറി'ന് തുടക്കം; 25 രാജ്യങ്ങൾ, 650ലധികം പ്രദർശകർ
text_fieldsഈ വർഷത്തെ 'ഓട്ടം ഫെയർ' ടൂറിസം മന്ത്രി ഫാത്തിമ ബിൻത് ജഅ്ഫർ അൽ സൈറാഫി ഉദ്ഘാടനം ചെയ്യുന്നു
മനാമ: ബഹ്‌റൈനിലെ ഏറ്റവും വലിയ വാണിജ്യ-വിനോദ മേളകളിലൊന്നായ 'ഓട്ടം ഫെയർ' വിപുലമായി ആരംഭിച്ചു. ബഹ്‌റൈൻ എക്‌സിബിഷൻ വേൾഡിൽ നടക്കുന്ന മേളയുടെ 36ാമത് പതിപ്പ് ടൂറിസം മന്ത്രി ഫാത്തിമ ബിൻത് ജഅ്ഫർ അൽ സൈറാഫി ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ വിനോദസഞ്ചാര-സാമ്പത്തിക മേഖലകൾക്ക് വലിയ കരുത്തുപകരുന്നതാണ് ജനുവരി 31 വരെയുള്ള ഈ മേള. ദിവസവും രാവിലെ 10 മുതൽ രാത്രി 10 വരെയാണ് സന്ദർശന സമയം. മുൻകൂട്ടി ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്നവർക്ക് പ്രവേശനം സൗജന്യമാണ്. 31,500 ചതുരശ്ര മീറ്ററിലായി നാല് കൂറ്റൻ ഹാളുകളിലായാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. 25ലധികം രാജ്യങ്ങളിൽനിന്നായി 650ലധികം പ്രദർശകർ പങ്കെടുക്കുന്നുണ്ട്. മാലി, കെനിയ, തായ്‌ലൻഡ് എന്നീ രാജ്യങ്ങൾ ഇതാദ്യമായാണ് മേളയിലെത്തുന്നത്.
ആഫ്രിക്കൻ പവിലിയനും ഈ വർഷത്തെ പ്രത്യേകതയാണ്. വെറുമൊരു വിപണന മേള എന്നതിലുപരി ഒരു സമ്പൂർണ്ണ കുടുംബ വിനോദ കേന്ദ്രമായാണ് ഇത്തവണ ഓട്ടം ഫെയർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ബഹ്‌റൈനി വ്യാപാരികളുടെ പങ്കാളിത്തത്തിൽ 20 ശതമാനം വർധനവുണ്ടായി. കുട്ടികൾക്കായി പ്രത്യേക പ്ലേ ഏരിയ, 'ദബ്ദൂബ്-ദബ്ദൂബ' കഥാപാത്രങ്ങളുടെ പ്രകടനം, ഗെയിമിംഗ് സോൺ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രുചിവൈവിധ്യങ്ങൾ ആസ്വദിക്കാൻ വിശാലമായ ഫുഡ് കോർട്ട്, ദിവസവും സംഗീത-നൃത്ത പരിപാടികൾ അരങ്ങേറുന്ന കൾച്ചറൽ സ്റ്റേജ് എന്നിവ പ്രധാന ആകർഷണമാണ്.
സുഗന്ധദ്രവ്യങ്ങൾ, വസ്ത്രങ്ങൾ, കരകൗശല വസ്തുക്കൾ, ഗൃഹോപകരണങ്ങൾ എന്നിങ്ങനെ ലോകവിപണിയിലെ വൈവിധ്യമാർന്ന ഉൽപന്നങ്ങൾ ഒരേ മേൽക്കൂരയ്ക്ക് താഴെ ലഭിക്കുമെന്നതാണ് ഓട്ടം ഫെയറിന്റെ പ്രധാന സവിശേഷത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

