ജി.സി.സി രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ബഹ്റൈനികൾക്കും ഇനി തൊഴിലില്ലായ്മ ഇൻഷുറൻസ് പരിരക്ഷ
text_fieldsമനാമ: ബഹ്റൈന് പുറത്ത് മറ്റ് ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ബഹ്റൈൻ പൗരന്മാരുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനായി നിലവിലുള്ള ഇൻഷുറൻസ് സംവിധാനത്തിൽ നിർണായക ഭേദഗതി വരുന്നു. പുതിയ നിയമപ്രകാരം, പൗരന്മാർക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ സാമ്പത്തിക സഹായം ഉറപ്പാക്കുന്ന 'അൺഎംപ്ലോയ്മെന്റ് ഇൻഷുറൻസ്' (തൊഴിലില്ലായ്മ ഇൻഷുറൻസ്) പദ്ധതി കൂടി ഈ സംവിധാനത്തിന്റെ ഭാഗമാകും.
ജീവനക്കാരൻ തന്റെ ഇൻഷുറൻസ് വേതനത്തിന്റെ 1 ശതമാനം ഇൻഷുറൻസ് വിഹിതമായി നൽകണം. ഇതിന് തുല്യമായ തുക തൊഴിലുടമയും അടക്കണം. ജി.സി.സി രാജ്യങ്ങളിൽ ജോലി ചെയ്യുന്ന സ്വദേശികൾക്ക് വിരമിക്കൽ കാലത്തെ ആനുകൂല്യങ്ങൾക്ക് പുറമെ, ജോലി നഷ്ടപ്പെട്ടാലും സ്വന്തം നാട്ടിലെന്നപോലെ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഈ പദ്ധതി വഴി ലഭിക്കുന്ന തുക ബഹ്റൈന്റെ തൊഴിലില്ലായ്മ ഇൻഷുറൻസ് അക്കൗണ്ടിലേക്കാണ് എത്തുക. ഇത് രാജ്യത്തിന്റെ പൊതുബജറ്റിനെയോ മറ്റ് സർക്കാർ ചെലവുകളെയോ ബാധിക്കില്ലെന്ന് ശൂറാ കൗൺസിൽ കമ്മിറ്റി വ്യക്തമാക്കി. വിദേശത്തുള്ള തൊഴിലുടമ ജീവനക്കാരന്റെ രേഖകൾ അതത് രാജ്യത്തെ ഇൻഷുറൻസ് അതോറിറ്റിക്ക് നൽകണം. അവിടെനിന്നുള്ള അംഗീകാരത്തിനുശേഷം ബഹ്റൈനിലെ സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷന്റെ അനുമതിയോടെ വിഹിതം ഈടാക്കി തുടങ്ങും.
ബഹ്റൈൻ പൗരന്മാർക്ക് ഗൾഫ് മേഖലയിൽ എവിടെ ജോലി ചെയ്യാനും കൂടുതൽ സുരക്ഷിതമായ സാഹചര്യം ഒരുക്കാൻ ഈ നിയമം സഹായിക്കും. ജി.സി.സി രാജ്യങ്ങൾക്കിടയിലുള്ള തൊഴിൽപരമായ സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് 2024 നവംബറിൽ ചേർന്ന ജി.സി.സി കൗൺസിൽ ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്. ബഹ്റൈൻ ഫ്രീ ലേബർ യൂണിയൻ ഫെഡറേഷനും തൊഴിലാളി സംഘടനകളും ഈ നീക്കത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

