സ്വദേശത്തും വിദേശത്തും ബഹ്റൈനികൾ വിജയം കൈവരിക്കുന്നു -പ്രധാനമന്ത്രി
text_fieldsകിരീടാവകാശി സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ
മനാമ: രാജ്യത്തിന്റെ വികസനത്തിന്റെ ആണിക്കല്ല് അവിടത്തെ ദേശീയ തൊഴിൽ സേനയാണെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ വ്യക്തമാക്കി. റിഫ കൊട്ടാരത്തിൽവെച്ച്, ബഹ്‌റൈൻ മിഷനിലെ കൊമേഴ്സ്യൽ അറ്റാഷെയും വേൾഡ് ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓർഗനൈസേഷനിലെ പാരീസ് യൂനിയൻ അസംബ്ലിയുടെ അധ്യക്ഷയുമായ മറിയം അബ്ദുൽ അസീസ് അൽ ദോസേരിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സ്വദേശത്തും വിദേശത്തും വിവിധ മേഖലകളിൽ ബഹ്‌റൈൻ പൗരന്മാർ കൈവരിച്ചുകൊണ്ടിരിക്കുന്ന തുടർച്ചയായ വിജയങ്ങളിൽ തനിക്ക് വലിയ അഭിമാനമുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നേതൃത്വത്തിൽ ബഹ്‌റൈൻ നടപ്പിലാക്കുന്ന സമഗ്ര വികസനത്തിന് സംഭാവനകൾ നൽകുന്നതിനായി, പൗരന്മാരുടെ നൈപുണ്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും അവരുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമായി മികച്ച അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് കിരീടാവകാശി ചൂണ്ടിക്കാട്ടി.
വിവിധ അന്താരാഷ്ട്ര സംഘടനകളിലേക്കും കമ്മിറ്റികളിലേക്കും നിയമിതയായതിനും അതോടൊപ്പം ഫോർബ്സ് മിഡിൽ ഈസ്റ്റിന്റെ 2025ലെ ‘30 അണ്ടർ 30’ പട്ടികയിൽ ഇടംപിടിച്ചതിനും അദ്ദേഹം മറിയം അബ്ദുൽ അസീസ് അൽ ദോസേരിയെ അഭിനന്ദിച്ചു.
അന്താരാഷ്ട്രതലത്തിലുള്ള മൾട്ടിലാറ്ററൽ സംഘടനകളിൽ ബഹ്‌റൈനിലെ യുവാക്കൾ നേതൃസ്ഥാനങ്ങൾ ഏറ്റെടുക്കുന്നത് വിവിധ മേഖലകളിലുള്ള അവരുടെ മികവിന്റെ തെളിവാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബഹ്‌റൈൻ ദേശീയ തൊഴിൽ സേനയെ ശാക്തീകരിക്കുന്നതിനും രാജ്യത്തിന്റെ വികസനത്തിൽ അവരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും പ്രിൻസ് സൽമാൻ നൽകുന്ന പിന്തുണക്ക് അൽ ദോസേരി നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ധനകാര്യ-ദേശീയ സാമ്പത്തിക മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ, വ്യവസായ-വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫഖ്റു എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

