നാലുവയസ്സുകാരൻ കാറിൽ മരിച്ച സംഭവം; പ്രതിയായ ബഹ്റൈനി വനിത കുറ്റം സമ്മതിച്ചു
text_fieldsഹസൻ അൽ മഹ്രി
മനാമ: സ്കൂളിലേക്ക് കൊണ്ടുപോകുന്നതിനിടെ വാഹനത്തിൽ ഉറങ്ങിപ്പോയ നാല് വയസ്സുകാരൻ മരിച്ച സംഭവത്തിൽ, കുട്ടിയുടെ മരണത്തിന് കാരണമായെന്ന് സമ്മതിച്ച് ബഹ്റൈൻ സ്വദേശിനി. അനധികൃതമായി സ്കൂൾ വാഹന സർവിസ് നടത്തിയിരുന്നതായും 40 വയസ്സുള്ള ഇവർ ഹൈ ക്രിമിനൽ കോടതിയിൽ കുറ്റസമ്മതം നടത്തി.
ഒക്ടോബർ 13നാണ് സംഭവം. ഡെമിസ്താനിലെ കിന്റർഗാർട്ടനിലേക്കുള്ള യാത്രക്കിടെ കാറിൽ ഉറങ്ങിപ്പോയ ഹസൻ അൽ മഹ്രി എന്ന നാലുവയസ്സുകാരനാണ് മരിച്ചത്.
സൗദി അറേബ്യയിൽ ഭർത്താവ് തടവിലായതിനാൽ, മൂന്ന് മക്കളെ പോറ്റാൻ വേണ്ടിയാണ് രണ്ട് ജോലികൾ ചെയ്തിരുന്നതെന്നും, വരുമാനം കുറഞ്ഞ കുടുംബങ്ങൾക്കുള്ള ആനുകൂല്യങ്ങൾ ഭർത്താവിന്റെ അറസ്റ്റിനുശേഷം നഷ്ടമായെന്നും പ്രതിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കുട്ടിയുടെ പിതാവിനോടും സ്ത്രീ ക്ഷമാപണം നടത്തിയിരുന്നു. കുട്ടികളെ സ്കൂളുകളിലേക്ക് കൊണ്ടുപോകാൻ ഔദ്യോഗിക ലൈസൻസ് ഇല്ലാതെ സ്വകാര്യ വാഹനം ഉപയോഗിച്ചാണ് പ്രതി സർവിസ് നടത്തിയിരുന്നതെന്ന് പ്രോസിക്യൂഷൻ കണ്ടെത്തി. സംഭവിച്ചത് ദൈവനിശ്ചയമാണെന്നും, ഇതിന് കാരണമാകാൻ തന്റെ കക്ഷിക്ക് ഒട്ടും ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്നും പ്രതിഭാഗം അഭിഭാഷകനും വാദിച്ചു. കേസ് നവംബർ ഒമ്പതിലേക്ക് മാറ്റിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

