റമദാനിൽ വില കൂടില്ല; ഉറപ്പുമായി ബഹ്റൈനിലെ വ്യാപാരികൾ
text_fieldsമനാമ: വിശുദ്ധ റമദാൻ മാസത്തിൽ വിപണിയിൽ സാധനങ്ങൾക്ക് വില വർധിപ്പിക്കില്ലെന്ന് ഉറപ്പുനൽകി ബഹ്റൈനിലെ ഇരുനൂറിലധികം പ്രമുഖ വ്യാപാരികൾ. ബഹ്റൈൻ ചേംബറിലെ ഫുഡ് സെക്ടർ കമ്മിറ്റി സംഘടിപ്പിച്ച യോഗത്തിലാണ് ഉപഭോക്താക്കൾക്ക് ആശ്വാസകരമായ ഈ തീരുമാനം ഉണ്ടായത്.
കൂടിയ ഡിമാൻഡ് മുതലെടുത്ത് വ്യാപാരികൾ അന്യായമായി വില വർധിപ്പിക്കുന്നില്ലെന്ന് അധികൃതർ ഉറപ്പുവരുത്തുമെന്ന് ഫുഡ് സെക്ടർ കമ്മിറ്റി ചെയർമാൻ ഖാലിദ് അൽ അമീൻ അറിയിച്ചു. റമദാൻ മാസത്തിലുടനീളം വിലനിലവാരം സൂക്ഷ്മമായി നിരീക്ഷിക്കും. മിക്ക സൂപ്പർമാർക്കറ്റുകളും പ്രത്യേക റമദാൻ ഓഫറുകൾ പ്രഖ്യാപിക്കുന്നതിനാൽ പല സാധനങ്ങൾക്കും സാധാരണയേക്കാൾ വില കുറയാനാണ് സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലഭ്യത ഉറപ്പാക്കാൻ വിദേശ രാജ്യങ്ങളുമായി സഹകരണം, ഭക്ഷ്യക്ഷാമം ഒഴിവാക്കാൻ സൗദി അറേബ്യയിൽ നിന്ന് തക്കാളി, ഉരുളക്കിഴങ്ങ് എന്നിവയുടെ വിതരണം ഉറപ്പാക്കിയിട്ടുണ്ട്. കൂടാതെ ഈജിപ്ത്, ജോർഡൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് കരമാർഗം പച്ചക്കറികളും പഴവർഗങ്ങളും വേഗത്തിൽ എത്തിക്കുന്നതിനായി ബഹ്റൈൻ കസ്റ്റംസുമായി ചേർന്ന് പ്രത്യേക സംവിധാനങ്ങൾ ഒരുക്കി. നിലവിൽ ഇറക്കുമതിക്കോ വിതരണത്തിനോ ഒരു തടസ്സങ്ങളുമില്ല. രാജ്യത്തെ 7,000-ത്തിലധികം സൂപ്പർമാർക്കറ്റുകളും 15 ഡെലിവറി കമ്പനികളും റമദാൻ വിപണിയിൽ സജീവമായിരിക്കും. വിപണിയിൽ ആവശ്യത്തിന് സാധനങ്ങൾ ലഭ്യമാണെന്നും അതിനാൽ ഉപഭോക്താക്കൾ അനാവശ്യമായി സാധനങ്ങൾ വാരിക്കൂട്ടി വെക്കേണ്ടതില്ലെന്നും അധികൃതർ അഭ്യർഥിച്ചു.
വിപണി സുരക്ഷയും ഉപഭോക്തൃ സംരക്ഷണവും ഉറപ്പാക്കാൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ നൽകുന്ന പിന്തുണക്ക് ഖാലിദ് അൽ അമീൻ നന്ദി അറിയിച്ചു. റമദാന് മുന്നോടിയായി രാജ്യത്തെ വിപണികളിൽ ഉപഭോക്തൃ ഉൽപന്നങ്ങളുടെ ലഭ്യതയും വിലസ്ഥിരതയും കഴിഞ്ഞ ദിവസം ചേർന്ന പ്രതിവാര മന്ത്രിസഭ വിലയിരുത്തിയിരുന്നു. റമദാനിൽ സാധനങ്ങളുടെ വില നിയന്ത്രിക്കാനും തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കാനും വ്യവസായ വാണിജ്യ മന്ത്രാലയം, ബഹ്റൈൻ ചേംബർ, വാണിജ്യ മേഖല എന്നിവർ നടത്തുന്ന ശ്രമങ്ങളെ മന്ത്രിസഭ അഭിനന്ദിച്ചു.
റമദാൻ കാലയളവിൽ ഉൽപന്നങ്ങളുടെ ഗുണനിലവാരവും വിലയും പരിശോധിക്കാൻ വ്യവസായ വാണിജ്യ മന്ത്രാലയത്തിന്റെയും മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെയും നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡുകൾ വിപണിയിൽ പരിശോധന നടത്തും.
വിപണിയിലെ ശക്തമായ മത്സരം ഉപഭോക്താക്കൾക്ക് ഗുണകരമാകുമെന്നും കുറഞ്ഞ വിലയിൽ മികച്ച ഉൽപന്നങ്ങൾ ലഭ്യമാകുമെന്നും സൂപ്പർമാർക്കറ്റ് ഉടമകൾ യോഗത്തിൽ ഉറപ്പുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

