ബഹ്റൈൻ പ്രതിഭ ‘വൈബ്സ് ഓഫ് ബഹ്റൈൻ’ ഡിസംബർ അഞ്ചിന്
text_fieldsബഹ്റൈൻ പ്രതിഭ ‘വൈബ്സ് ഓഫ് ബഹ്റൈൻ’ പരിപാടിയുമായി ബന്ധപ്പെട്ട് നടത്തിയ വാർത്തസമ്മേളനം
മനാമ: ബഹ്റൈൻ പ്രതിഭ സുബി ഹോംസുമായി അവതരിപ്പിക്കുന്ന 'വൈബ്സ് ഓഫ് ബഹ്റൈൻ' ഡിസംബർ അഞ്ചിന് ഇന്ത്യൻ ക്ലബ് ഗ്രൗണ്ടിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഗായിക രഞ്ജിനി ജോസും റഫീഖ് റഹ്മാനും സംഘവും അവതരിപ്പിക്കുന്ന സംഗീതനിശയാണ് പരിപാടിയുടെ മുഖ്യ ആകർഷണം.
ഒപ്പം ബഹ്റൈനിലെ അറിയപ്പെടുന്ന നൃത്ത അധ്യാപിക വിദ്യശ്രീയുടെ നേതൃത്വത്തിൽ അണിയിച്ചൊരുക്കുന്ന ബഹ്റൈൻ പ്രതിഭയുടെ വനിതാ വേദി പ്രവർത്തകർ അരങ്ങിലെത്തുന്ന 'ഋതു' എന്ന സംഗീത നൃത്ത ശിൽപവും അറബിക് ഡാൻസ് ഉൾപ്പെടെയുള്ള പരിപാടികളും അന്നേ ദിവസം അരങ്ങിലെത്തുന്നുണ്ട്.
ബഹ്റൈൻ പ്രതിഭയുടെ മുപ്പതാം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായുള്ള അനുബന്ധ പരിപാടികളുടെ ഭാഗമായാണ് ഈ പരിപാടികൾ സംഘടിപ്പിക്കുന്നത്. കുട്ടികൾക്കായുള്ള ഏകദിന കായികമേള ഇത്തിഹാദ് ക്ലബ് മൈതാനത്ത് നടന്നു. നാല് മേഖലകളിൽ നിന്നായി മുന്നൂറിലധികം കുട്ടികൾ പങ്കെടുത്തു. സാഹിത്യവേദിയും സ്വരലയയും ചേർന്ന് സംഘടിപ്പിച്ച വയലാർ കാവ്യസന്ധ്യ പ്രതിഭ ഹാളിൽ നടന്നു. കവിയും നിരൂപകനുമായ ഹരീഷ് പഞ്ചമി മുഖ്യാതിഥിയായി. ബഹ്റൈൻ ദേശീയദിനമായ ഡിസംബർ 16, 19 തീയതികളിൽ രണ്ട് രക്തദാന ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്.
ഡിസംബർ അഞ്ചിന് ഇന്ത്യൻ ക്ലബ് മൈതാനത്തേക്ക് മുഴുവൻ കലാസ്നേഹികളെയും ക്ഷണിക്കുന്നതായും ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും സ്വാഗതസംഘം ഭാരവാഹികൾ അറിയിച്ചു.
പ്രതിഭ സെന്ററിൽ നടന്ന വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ ബിനു മണ്ണിൽ, ജനറൽ കൺവീനർ എൻ.വി. ലിവിൻ കുമാർ, ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ, വൈസ് പ്രസിഡന്റ് നിഷ സതീഷ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

