ഇ.കെ. നായനാർ അനുസ്മരണം സംഘടിപ്പിച്ച് ബഹ്റൈൻ പ്രതിഭ
text_fieldsഇ.കെ. നായനാർ അനുസ്മരണ പരിപാടിയിൽ നിന്ന്
മനാമ: കേരളത്തിന്റെ മുൻമുഖ്യമന്ത്രിയും ജനകീയ നേതാവുമായിരുന്ന ഇ.കെ. നായനാർ അനുസ്മരണം സംഘടിപ്പിച്ചു. ബഹ്റൈൻ പ്രതിഭ ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിക്ക് പ്രസിഡന്റ് ബിനു മണ്ണിൽ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ സ്വാഗതം ആശംസിച്ചു.
കേന്ദ്ര കമ്മിറ്റി അംഗം നിരൻ സുബ്രഹ്മണ്യൻ അനുസ്മരണ പ്രഭാഷണവും രക്ഷാധികാരി സമിതി അംഗം എൻ.വി. ലിവിൻ കുമാർ രാഷ്ട്രീയ വിശദീകരണവും നടത്തി.കേരളീയരുടെ ജീവിതത്തെ പുതുക്കിപ്പണിത ഭരണാധികാരിയും ജനകീയ നേതാവുമായിരുന്നു ഇ.കെ. നായനാരെന്ന് അനുസ്മരണ പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ പ്രധാന പദ്ധതികളായ കർഷകത്തൊഴിലാളി പെൻഷൻ, സമ്പൂർണ സാക്ഷരതാ യജ്ഞം, രാജ്യത്തെതന്നെ ആദ്യത്തെ ഐ.ടി പാർക്ക്, ജനകീയാസൂത്രണം, മാവേലി സ്റ്റോറുകൾ തുടങ്ങിയ പല പദ്ധതികളും കേരളത്തെ സാമൂഹ്യമായും സാമ്പത്തികമായും മുന്നോട്ട് നയിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും നിരൻ സുബ്രഹ്മണ്യൻ ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ മുഴുവൻ ജനസാമാന്യത്തെയും ഒരുപോലെ ചേർത്തുനിർത്താനുള്ള നയപരിപാടികളും സമീപനവും കേന്ദ്ര സർക്കാർ കൈക്കൊള്ളണമെന്നും ഫെഡറലിസം സംരക്ഷിക്കപ്പെടേണ്ടതാണെന്നും അതുവഴി സംസ്ഥാനങ്ങൾക്ക് ന്യായമായ അവകാശങ്ങൾ സാധ്യമാകണമെന്നും രാഷ്ട്രീയവിശദീകരണത്തിൽ എൻ.വി. ലിവിൻ കുമാർ പറഞ്ഞു. കേരള സർക്കാർ നടത്തിവരുന്ന എല്ലാ മേഖലകളെയും സ്പർശിക്കുന്ന വികസന, ജനക്ഷേമ പ്രവർത്തനങ്ങൾക്ക് തുടർച്ച ഉണ്ടാകണമെന്നും അതിന് പ്രവാസികൾ ഉൾപ്പെടെയുള്ള മുഴുവൻ ജനവിഭാഗങ്ങളുടെയും പിന്തുണ ഉണ്ടാകേണ്ടതുണ്ടെന്നും ഇ.കെ. നായനാരെപോലുള്ള ജനകീയ നേതാക്കളുടെ ഓർമകൾ അത്തരം പ്രവർത്തനങ്ങൾക്ക് കരുത്താകേണ്ടതുണ്ടെന്നും ലിവിൻ കുമാർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

