ലോക തൊഴിലാളി ദിനം വിപുലമായി ആഘോഷിച്ച് ബഹ്റൈൻ പ്രതിഭ
text_fieldsബഹ്റൈൻ പ്രതിഭ സംഘടിപ്പിച്ച ലോക തൊഴിലാളി ദിന പരിപാടിയിൽ കോന്നി എം.എൽ.എ. അഡ്വ. കെ.യു. ജെനീഷ് സംസാരിക്കുന്നു
മനാമ: ലോക തൊഴിലാളി ദിനം വിപുലമായി ആഘോഷിച്ച് ബഹ്റൈൻ പ്രതിഭ. ബാൻ സാങ് തായ് റസ്റ്റാറന്റ് ഹാളിൽ നടന്ന സമാപന പരിപാടിയിൽ കോന്നി എം.എൽ.എ അഡ്വ. കെ.യു ജെനീഷ് കുമാർ മുഖ്യാതിഥിയായിരുന്നു. ഇന്ത്യയിൽ മേയ് 20ന് കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ സമീപനങ്ങൾക്കെതിരെ എല്ലാ തൊഴിലാളി സംഘടനകളും ചേർന്ന് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ചെറുതും വലുതുമായ കർഷക പ്രക്ഷോഭങ്ങൾക്കും രാജ്യം സാക്ഷ്യം വഹിക്കുന്നു.
സ്വാതന്ത്ര്യ സമരകാലത്ത് സംഘടിച്ചത് പോലെ കർഷകർ സംഘടിക്കുകയാണ്. വിദ്യാർഥികൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രക്ഷോഭങ്ങൾ ഉയർത്തുന്നു. രാജ്യത്തിന്റെ മതേരത്തത്തിനേറ്റ വലിയ തിരിച്ചടിയാണ് വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ രാജ്യം ഭരിക്കുന്നവർ തന്നെ മുന്നിട്ടിറങ്ങുന്നു എന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിഴിഞ്ഞം തുറമുഖം യഥാർഥ്യമാകുമ്പോൾ കേരളത്തിന് അഭിമാനിക്കാം. ഒരു സംസ്ഥാന സർക്കാർ മുടക്കുമുതലിന്റെ ഏറിയ പങ്കും വഹിച്ച ഒരു തുറമുഖം സാധ്യമാകുന്നത് രാജ്യത്ത് തന്നെ ആദ്യമാണ്. സംസ്ഥാന സർക്കാർ വലിയ ശതമാനം തുകയാണ് വിഴിഞ്ഞത്തിനുവേണ്ടി മുടക്കിയത്. നാടിനെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്ന പ്രവർത്തനങ്ങളിൽ എക്കാലവും വലിയ പങ്ക് വഹിച്ചിട്ടുള്ള പ്രവാസി സമൂഹം തുടർന്നും കേരളത്തിന്റെ വികസന പ്രക്രിയയിൽ സക്രിയമായ പങ്ക് വഹിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ആക്ടിങ് സെക്രട്ടറി മഹേഷ് കെ.വി സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രതിഭ പ്രസിഡന്റ് ബിനു മണ്ണിൽ അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി പി. ശ്രീജിത്ത്, രക്ഷാധികാരി സമിതി അംഗം സി.വി. നാരായണൻ എന്നിവർ സംസാരിച്ചു. തുടർന്ന് സൽമാബാദ് മേഖലയിലെ ടൂബ്ലി യൂനിറ്റ് അവതരിപ്പിച്ച വർത്തമാന ഇന്ത്യൻ സാഹചര്യങ്ങൾ വരച്ചു കാട്ടുന്ന തെരുവ് നാടകവും അരങ്ങേറി. മേയ് ഒന്ന് രാവിലെ ബഹ്റൈൻ പ്രതിഭ വനിതാവേദി അസ്കറിലെ തൊഴിലാളി ക്യാമ്പിൽ സംഘടിപ്പിച്ച പരിപാടിയിലൂടെയാണ് രണ്ട് ദിവസം നീണ്ട മേയ്ദിനാഘോഷങ്ങൾക്ക് തുടക്കമായത്. അന്നേദിവസം തന്നെ പ്രതിഭ സൽമാബാദ് മേഖല വനിതാ വേദിയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.
സൽമാബാദ് മേഖല ഹമദ്ടൗണിലെ ലേബർ ക്യാമ്പിൽ ഭക്ഷണ വിതരണവും നടത്തി. തുടർന്ന് മനാമ മേഖല കമ്മിറ്റി ദിശ 2025ന്റെ ഭാഗമായ വിപ്ലവ ഗാന മത്സരം സംഘടിപ്പിച്ചു. വിവിധ പ്രദേശങ്ങളിൽ മേയ്ദിനാഘോഷം വിജയിപ്പിക്കാൻ സജീവമായി രംഗത്തിറങ്ങിയ മുഴുവൻ പ്രവർത്തകരെയും അഭിവാദ്യം ചെയ്യുന്നതായി പ്രതിഭ ആക്ടിങ് സെക്രട്ടറി മഹേഷ് കെ.വിയും പ്രസിഡന്റ ബിനു മണ്ണിലും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

