ബഹ്റൈൻ-സൗദി കിരീടാവകാശികൾ കൂടിക്കാഴ്ച നടത്തി
text_fieldsബഹ്റൈൻ - സൗദി കിരീടാവകാശികൾ കൂടിക്കാഴ്ചക്കിടെ
മനാമ: ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സുഊദുമായി കൂടിക്കാഴ്ച നടത്തി.
ഔദ്യോഗിക സന്ദർശനാർഥം സൗദിയിലെത്തിയതായിരുന്നു കിരീടാവകാശി. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെയും നേതൃത്വത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധം കൂടുതൽ ദൃഢമാകുന്നതിനെ ഇരുനേതാക്കളും അഭിനന്ദിച്ചു.
ബഹ്റൈൻ-സൗദി കോഓർഡിനേഷൻ കൗൺസിൽ വഴി നടപ്പിലാക്കുന്ന വിവിധ കരാറുകൾ ഉഭയകക്ഷി ബന്ധത്തെ ശക്തിപ്പെടുത്തുന്നതിൽ പ്രധാനപങ്കുവഹിച്ചതായി പ്രിൻസ് സൽമാൻ ബിൻ ഹമദ് ചൂണ്ടിക്കാട്ടി. വിവിധ മേഖലകളിലെ തന്ത്രപരമായ പങ്കാളിത്തം വിപുലീകരിക്കാനും പുതിയ അവസരങ്ങൾ കണ്ടെത്താനും കൂടിക്കാഴ്ചയിൽ തീരുമാനമായി.
ബഹ്റൈൻ രാജാവിന്റെ പ്രത്യേക ആശംസകൾ കിരീടാവകാശി സൗദി ഭരണാധികാരികൾക്ക് കൈമാറി. സൗദി അറേബ്യയുടെയും അവിടുത്തെ ജനങ്ങളുടെയും പുരോഗതിക്കും ഐശ്വര്യത്തിനുമായുള്ള ആശംസകൾ സൗദി കിരീടാവകാശി തിരികെ അറിയിക്കുകയും ചെയ്തു.
ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിനൊപ്പം പൊതുവായ താൽപര്യമുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി.
ഡെപ്യൂട്ടി പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫ ഉൾപ്പെടെയുള്ള ഉന്നതതല പ്രതിനിധി സംഘവും ബഹ്റൈൻ കിരീടാവകാശിയെ അനുഗമിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

