സാമ്പത്തിക പ്രതിസന്ധിയിലും തൊഴിലാളികളുടെ ശമ്പളം സമ്മതമില്ലാതെ വെട്ടിക്കുറക്കരുത്- ബഹ്‌റൈൻ നിയമവിദഗ്ധ
text_fieldsമനാമ: രാജ്യത്തെ നിലവിലെ പ്രത്യേക സാഹചര്യങ്ങളോ സാമ്പത്തിക പ്രതിസന്ധിയോ കാരണമാക്കി തൊഴിലാളികളുടെ സമ്മതമില്ലാതെ ശമ്പളം വെട്ടിക്കുറയ്ക്കാനോ ശമ്പളമില്ലാത്ത അവധി അടിച്ചേൽപ്പിക്കാനോ തൊഴിലുടമകൾക്ക് നിയമപരമായി അധികാരമില്ലെന്ന് പ്രമുഖ അഭിഭാഷക സിദ്ദീഖ അൽ മവാലി വ്യക്തമാക്കി. തൊഴിൽ നിയമപ്രകാരം വേതനം എന്നത് തൊഴിലാളിയുടെ സ്ഥിരമായ അവകാശമാണെന്നും വ്യക്തമായ നിയമപരമായ കാരണങ്ങളാലല്ലാതെ ഇതിൽ മാറ്റം വരുത്താൻ കഴിയില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
ബഹ്‌റൈൻ തൊഴിൽ നിയമത്തിലെ 41, 43 വകുപ്പുകൾ പ്രകാരം തൊഴിലാളിയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ നിലവിലുള്ള വേതന വ്യവസ്ഥയിൽ മാറ്റം വരുത്തുന്നത് നിയമവിരുദ്ധമാണ്. മാസശമ്പളമോ ആഴ്ചശമ്പളമോ ആകട്ടെ, കരാറിൽ പറഞ്ഞിട്ടുള്ള തുക നൽകാൻ കമ്പനികൾ ബാധ്യസ്ഥരാണ്.
തൊഴിലാളി ജോലിക്ക് ഹാജരാകുകയും എന്നാൽ തൊഴിലുടമയുടെ നിയന്ത്രണത്തിലല്ലാത്ത കാരണങ്ങളാൽ (ഉദാഹരണത്തിന് സർക്കാർ ഉത്തരവ്, പ്രകൃതിക്ഷോഭം അല്ലെങ്കിൽ നിർബന്ധിതമായി ബിസിനസ്സ് നിർത്തലാക്കേണ്ട സാഹചര്യം) ജോലി നൽകാൻ കഴിയാതെ വരികയും ചെയ്യുമ്പോൾ മാത്രമാണ് പകുതി ശമ്പളം നൽകാൻ നിയമം അനുവദിക്കുന്നത്.
എന്നാൽ ഇത്തരമൊരു സാഹചര്യത്തിലും തൊഴിലാളി ജോലി തുടരുന്നുണ്ടെങ്കിൽ മുഴുവൻ ശമ്പളവും നൽകണം. ജോലി ചെയ്യിപ്പിച്ച ശേഷം ശമ്പളം പകുതിയായി കുറയ്ക്കുന്നത് നിയമലംഘനമാണെന്നും വൈകിപ്പിക്കുന്ന വേതനത്തിന് തൊഴിലാളിക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നും അൽ മവാലി പറഞ്ഞു.
ശമ്പളമില്ലാത്ത അവധിയിൽ പോകാൻ ഒരു തൊഴിലാളിയെയും നിർബന്ധിക്കാൻ തൊഴിലുടമയ്ക്ക് കഴിയില്ല. എന്തെങ്കിലും തരത്തിലുള്ള ശമ്പള വർധനവ് മരവിപ്പിക്കാനോ കുറയ്ക്കാനോ തീരുമാനിക്കുന്നുണ്ടെങ്കിൽ ഇരുവിഭാഗവും തമ്മിലുള്ള ചർച്ചയിലൂടെയും തൊഴിലാളിയുടെ ലിഖിത സമ്മതത്തിലൂടെയും മാത്രമേ അത് നടപ്പിലാക്കാവൂ.
പ്രതിസന്ധി ഘട്ടങ്ങളിൽ സ്ഥാപനത്തെ നിലനിർത്താൻ ചെലവ് ചുരുക്കുന്നത് സ്വാഭാവികമാണെങ്കിലും, അത് തൊഴിലാളികളുടെ അവകാശങ്ങളെ ഹനിച്ചുകൊണ്ടാവരുത്. ഏകപക്ഷീയമായ തീരുമാനങ്ങൾക്ക് പകരം തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള സുതാര്യമായ ചർച്ചകളിലൂടെ താൽക്കാലിക പരിഹാരങ്ങൾ കണ്ടെത്തുകയാണ് ഉചിതമെന്നും അഭിഭാഷക കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

