അടിപിടി കേസിൽ ബഹ്റൈനിക്കും ഇന്ത്യക്കാരനായ യുവാവിനും തടവ് ശിക്ഷ
text_fieldsമനാമ: തമ്മിൽ അടികൂടിയ കേസിൽ ബഹ്റൈനി സ്വദേശിക്കും ഇന്ത്യക്കാരനായ യുവാവിനും തടവുശിക്ഷ. ഹൈ ക്രിമിനൽ കോടതിയാണ് ഇരുവർക്കും തടവ് ശിക്ഷ വിധിച്ചത്. മുഹറഖിലെ പ്രമുഖ ഫാസ്റ്റ് ഫുഡ് റസ്റ്റാറന്റിന്റെ പാർക്കിങ്ങിൽ വെച്ചായിരുന്നു ഇരുവരും അടികൂടിയത്.തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് 30 കാരനായ ഇന്ത്യൻ സ്വദേശി യുവാവ് 61 കാരനായ ബഹ്റൈനി പൗരനെ മർദിക്കുകയായിരുന്നു. മുഖത്തും മൂക്കിനും അടികിട്ടിയ സ്വദേശി പൗരന് അഞ്ച് ശതമാനം വൈകല്യം സ്ഥിരീകരിക്കുകയും ചെയ്തു. അതേതുടർന്ന് കേസിൽ ഒരുവർഷത്തെ തടവ് ശിക്ഷയാണ് പ്രവാസി യുവാവിന് കോടതി വിധിച്ചത്. എന്നാൽ, ബഹ്റൈനി പൗരൻ തന്റെ ഒകാൽ (തലപ്പാവ്) ഊരി പ്രവാസി യുവാവിനെ മർദിച്ചെന്നും അദ്ദേഹത്തിനെ കാറിന് കേടുപാട് വരുത്തിയിട്ടുണ്ടെന്നും കണ്ടെത്തിയ കോടതി ഒരുമാസത്തെ തടവ് ശിക്ഷ സ്വദേശി പൗരനും വിധിക്കുകയായിരുന്നു.
പരസ്പരം അശ്ലീല വാക്കുകളും ആംഗ്യങ്ങളും പ്രയോഗിച്ചതിനും പൊതുസ്ഥലത്ത് പ്രശ്നമുണ്ടാക്കിയതിനും ഇരുവരും കുറ്റക്കാരാണെന്നും കണ്ടെത്തി.ഇന്ത്യക്കാരനായ യുവാവ് തനിക്കെതിരെ അശ്ലീല പ്രയോഗം നടത്തിയതിനാണ് താൻ കാറിൽ നിന്നിറങ്ങി ചോദിച്ചതെന്ന് സ്വദേശി മൊഴിനൽകി. അതിനെതുടർന്ന് അവൻ എന്റെ മുഖത്ത് ഇടിക്കുകയായിരുന്നു. ആക്രമണത്തിൽ എനിക്ക് തലകറങ്ങുന്നതുപോലെ അനുഭവപ്പെട്ടു. ശേഷം ഞാൻ കാറിൽ കയറി അവിടെനിന്ന് മാറുകയായിരുന്നു. മെഡിക്കൽ റിപ്പോർട്ടിൽ മൂക്കിന്റെ ഒടിവ് കാരണം വായു അകത്തേക്കും പുറത്തേക്കും പോകാൻ ബുദ്ധിമുട്ടുണ്ടെന്ന് ഡോക്ടർ വ്യക്തമാക്കി.സ്വദേശിയായ ആൾ അറബിയിൽ ഞങ്ങളോട് സംസാരിക്കുകയും തമ്മിൽ അധിക്ഷേപം നടത്തുകയും തുടർന്ന് അദ്ദേഹത്തിന്റെ തലപ്പാവെടുത്ത് അടിക്കുകയും കല്ലെടുത്ത് കാറിന് നേരെ എറിയുകയും ചെയ്തെന്നാണ് പ്രതിയായ ഇന്ത്യക്കാരന്റെ സൃഹൃത്തിന്റെ മൊഴി. ജയിൽവാസം പൂർത്തിയാക്കിയശേഷം ഇന്ത്യൻ പ്രതിയെ നാടുകടത്താനും ഹൈ ക്രിമിനൽ കോടതി ജഡ്ജിമാർ ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

