ജി.സി.സി-ബ്രിക്സ് പങ്കാളിത്തം ശക്തമാക്കാൻ ആഹ്വാനം ചെയ്ത് ബഹ്‌റൈൻ വിദേശകാര്യമന്ത്രി
text_fieldsബഹ്‌റൈൻ വിദേശകാര്യമന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി ഉച്ചകോടിയിൽ സംസാരിക്കുന്നു
മനാമ/ന്യൂഡൽഹി: : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ന്യൂഡൽഹിയിൽ നടന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയുടെ വിപുലീകരിച്ച ചർച്ചാ സമ്മേളനത്തിൽ ബഹ്‌റൈൻ വിദേശകാര്യമന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി പങ്കെടുത്തു. ബഹ്‌റൈൻ രാജാവും ജി.സി.സി ഉച്ചകോടിയുടെ നിലവിലെ അധ്യക്ഷനുമായ ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ പ്രത്യേക നിർദേശപ്രകാരമാണ് അദ്ദേഹം ഉച്ചകോടിയെ അഭിസംബോധന ചെയ്തത്.
‘സ്ഥിരത, നവീകരണം, സഹകരണം, സുസ്ഥിരത’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ഉച്ചകോടിയിൽ വിവിധ അംഗരാജ്യങ്ങളുടെയും പങ്കാളിത്ത രാജ്യങ്ങളുടെയും തലവൻമാരും വിദേശകാര്യമന്ത്രിമാരും പങ്കെടുത്തു.
ജി.സി.സി രാജ്യങ്ങളും ബ്രിക്സ് അംഗങ്ങളും തമ്മിൽ ഊർജ്ജം, ഡിജിറ്റൽ കണക്റ്റിവിറ്റി, ഭക്ഷ്യസുരക്ഷ, ലോജിസ്റ്റിക്‌സ് എന്നീ മേഖലകളിൽ നിലവിൽ തന്നെ ശക്തമായ ബന്ധമുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഡിജിറ്റൽ എക്കണോമി, ഫിൻടെക്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പുനരുപയോഗ ഊർജ്ജ സാങ്കേതികവിദ്യ, ഭക്ഷ്യ വിതരണ ശൃംഖല എന്നീ മേഖലകളിൽ പുതിയ സഹകരണ സാധ്യതകൾ തുറന്നുവരുന്നുണ്ടെന്നും ഇത്തരം പങ്കാളിത്തങ്ങൾ ശക്തമാക്കുന്നത് വഴി നയതന്ത്ര ചർച്ചകളെ പ്രായോഗിക നേട്ടങ്ങളാക്കി മാറ്റാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കാൻ അറേബ്യൻ ഗൾഫ്, ഹുർമുസ് കടലിടുക്ക്, ബാബ് അൽ-മന്ദബ്, ചെങ്കടൽ എന്നീ സുപ്രധാന സമുദ്രപാതകളുടെ അവിഭാജ്യ സുരക്ഷ അത്യാവശ്യമാണെന്നും, ഇവ ആഗോള ഊർജ്ജ-ഭക്ഷ്യ വിതരണത്തിന്റെ പ്രധാന കേന്ദ്രങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൈനിക മാർഗ്ഗങ്ങളിലൂടെയല്ല, മറിച്ച് നയതന്ത്ര ചർച്ചകളിലൂടെയും രാജ്യങ്ങളുടെ പരമാധികാരത്തെ മാനിച്ചുകൊണ്ടും മാത്രമേ മേഖലയിൽ ശാശ്വത സമാധാനം കൈവരിക്കാനാകൂ. ഫലസ്തീൻ, യെമൻ, ലെബനൻ, സിറിയ, സുഡാൻ എന്നിവിടങ്ങളിലെ പ്രശ്നങ്ങൾക്ക് നീതിപൂർവ്വമായ രാഷ്ട്രീയ പരിഹാരമാണ് ആവശ്യമെന്നും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

