സെന്റ് പീറ്റേഴ്‌സ്ബർഗ് സാമ്പത്തിക ഉച്ചകോടിയിൽ പങ്കെടുത്ത് ബഹ്‌റൈൻ പ്രതിനിധി സംഘം
text_fieldsറഷ്യയിൽ നടന്ന സെന്റ് പീറ്റേഴ്‌സ്ബർഗ് അന്താരാഷ്ട്ര സാമ്പത്തിക ഉച്ചകോടിയിൽ പങ്കെടുക്കുന്ന ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ
മനാമ: റഷ്യയിൽ നടന്ന സെന്റ് പീറ്റേഴ്‌സ്ബർഗ് അന്താരാഷ്ട്ര സാമ്പത്തിക ഉച്ചകോടിയിൽ പങ്കെടുത്ത് ബഹ്‌റൈൻ പ്രതിനിധി സംഘം. ബഹ്‌റൈന്റെ സാമ്പത്തിക മത്സരശേഷിയും നിക്ഷേപ അന്തരീക്ഷവും ശക്തിപ്പെടുത്തുന്നതിനായി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ കാഴ്ചപ്പാടുകൾക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദ്ദേശങ്ങൾക്കും അനുസൃതമായി രാജ്യം കൈക്കൊള്ളുന്ന നയങ്ങളുടെ ഭാഗമായാണ് ഉച്ചകോടിയിലെ പങ്കാളിത്തം.
ബഹ്‌റൈൻ ധനകാര്യ, ദേശീയ സമ്പദ്‌വ്യവസ്ഥാ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫയാണ് ഉച്ചകോടിയിൽ ബഹ്‌റൈൻ സംഘത്തെ നയിച്ചത്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ മുഖ്യപ്രഭാഷണം നടത്തിയ ഉച്ചകോടിയുടെ പ്രധാന സമ്മേളനത്തിൽ മന്ത്രി പങ്കെടുത്തു. ആഗോള സാമ്പത്തിക മാറ്റങ്ങൾക്കിടയിൽ വിവിധ രാജ്യങ്ങളും അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിന് ഉച്ചകോടി ഒരു മികച്ച വേദിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫഖ്റൂ, റഷ്യയിലെ ബഹ്‌റൈൻ അംബാസഡർ അഹമ്മദ് അൽ സാതി, ബഹ്‌റൈൻ മുംതലകാത് ഹോൾഡിംഗ് കമ്പനി സി.ഇ.ഒ ശൈഖ് അബ്ദുള്ള ബിൻ ഖലീഫ ആൽ ഖലീഫ എന്നിവരും പ്രതിനിധി സംഘത്തിലുണ്ടായിരുന്നു. ഉച്ചകോടിയുടെ ഭാഗമായി റഷ്യൻ ധനമന്ത്രി ആന്റൺ സിലുവാനോവ്, റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് സി.ഇ.ഒ കിറിൽ ദിമിത്രീവ്, ടാറ്റാർസ്ഥാൻ പ്രസിഡന്റ് റുസ്തം മിന്നിഖാനോവ് എന്നിവരുമായി ശൈഖ് സൽമാൻ കൂടിക്കാഴ്ച നടത്തി.
നിക്ഷേപ മേഖലയിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും കൂടിക്കാഴ്ചയിൽ ധാരണയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

