ബഹ്റൈൻ പൗരന്മാർക്ക് ചൈനയിലേക്ക് ഇനി 2026 വരെ വിസ വേണ്ട
text_fieldsമനാമ: ബഹ്റൈൻ പൗരന്മാർക്ക് നൽകിക്കൊണ്ടിരുന്ന ചൈനയിലേക്കുള്ള വിസയില്ലാതെ യാത്ര അനുമതി സൗകര്യം ബീജിങ് നീട്ടി. നിലവിൽ 45 രാജ്യങ്ങൾക്കായി നൽകിയിരുന്ന വിസരഹിത പ്രവേശനനയം 2026 ഡിസംബർ 31 വരെയാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം നീട്ടിയത്. ബഹ്റൈൻ പൗരന്മാർക്ക് വിനോദസഞ്ചാരം, കുടുംബ സന്ദർശനം, ബിസിനസ് ആവശ്യങ്ങൾ എന്നിവക്കായി വിസയില്ലാതെ 30 ദിവസംവരെ ചൈനയിൽ താമസിക്കാം.
ഈ ആനുകൂല്യം ലഭിക്കുന്ന 45 രാജ്യങ്ങളിൽ കുവൈത്ത്, ഒമാൻ, സൗദി അറേബ്യ എന്നിവയുൾപ്പെടെയുള്ള ജി.സി.സി രാജ്യങ്ങളും ഉൾപ്പെടുന്നു. നിലവിലെ നയം ഈ വർഷം അവസാനത്തോടെ അവസാനിക്കാനിരിക്കുകയായിരുന്നു.
ഇതിന്റെ ഭാഗമായി ഈ നയം വിപുലീകരിക്കുകയും നവംബർ 10 മുതൽ സ്വീഡൻ പൗരന്മാർക്കുകൂടി വിസരഹിത പ്രവേശനം അനുവദിക്കുകയും ചെയ്യും. യൂറോപ്പിലെ 32 രാജ്യങ്ങൾ, ആസ്ട്രേലിയ, ന്യൂസിലൻഡ്, ജപ്പാൻ, ദക്ഷിണ കൊറിയ, ദക്ഷിണ അമേരിക്കയിലെയും ഗൾഫ് മേഖലയിലെയും രാജ്യങ്ങൾ എന്നിവയെല്ലാം ഈ വിസയിളവ് പട്ടികയിലുണ്ട്. ചുരുക്കത്തിൽ, അടുത്ത രണ്ട് വർഷത്തേക്ക് ബഹ്റൈൻ പൗരന്മാർക്ക് ചൈനയിലേക്കുള്ള യാത്രകൾ എളുപ്പവും വിസയുടെ നൂലാമാലകളില്ലാത്തതുമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

