കുവൈത്ത് പൗരത്വം നഷ്ടപ്പെട്ട ബഹ്റൈൻ പൗരന്മാർക്ക് പാസ്പോർട്ടുകൾ പുതുക്കി നൽകണം; ഹമദ് രാജാവിന്റെ ഉത്തരവിന് പ്രശംസ
text_fieldsമനാമ: കുവൈത്ത് പൗരത്വം നഷ്ടപ്പെട്ട ബഹ്റൈൻ പൗരന്മാർക്ക് പാസ്പോർട്ടുകൾ പുതുക്കി നൽകാനുള്ള രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ഉത്തരവിനെ പ്രശംസിച്ച് ശൂറ കൗൺസിലിന്റെ വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ സമിതി. ഡോ. അലി ബിൻ മുഹമ്മദ് അൽ റുമൈഹിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പ്രശംസ. ഉത്തരവ് മാനുഷിക മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുകയും ബഹ്റൈൻ പൗരന്മാരുടെ അന്തസ്സ് സംരക്ഷിക്കാനുള്ള രാജാവിന്റെ ഉറച്ച നിലപാട് പ്രതിഫലിപ്പിക്കുകയും ചെയ്യുന്നുവെന്ന് സമിതി വ്യക്തമാക്കി.
പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങൾ ഉറപ്പാക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പാണിതെന്നും സമിതി കൂട്ടിച്ചേർത്തു. സ്വദേശികളുടെ കുടുംബങ്ങളുടെ ക്ഷേമത്തിന് മുൻഗണന നൽകുന്ന രാജാവിന്റെ ദീർഘവീക്ഷണമാണ് ഇത് കാണിക്കുന്നതെന്നും സമിതി അഭിപ്രായപ്പെട്ടു. പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുകയും രാജ്യത്തിന്റെ ഭരണഘടനാപരവും മാനുഷികവുമായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന എല്ലാ ദേശീയ സംരംഭങ്ങൾക്കും രാജാവിന്റെ നേതൃത്വത്തിന് പിന്നിൽ നിയമനിർമാണ സമിതികൾ ഒറ്റക്കെട്ടായി നിലകൊള്ളുമെന്ന് സമിതി ആവർത്തിച്ച് പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

