ഗൾഫ് മേഖലയുടെ സുരക്ഷക്ക് കരുത്തായി ‘അറേബ്യൻ ഗൾഫ് സെക്യൂരിറ്റി 4’; ബഹ്റൈൻ സേന ഖത്തറിലെത്തി
text_fieldsബഹ്റൈൻ പൊലീസ് സേന
മനാമ: ഗൾഫ് രാജ്യങ്ങളുടെ സംയുക്ത സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിനായുള്ള ‘അറേബ്യൻ ഗൾഫ് സെക്യൂരിറ്റി 4’ ഫീൽഡ് അഭ്യാസത്തിൽ പങ്കെടുക്കാൻ ബഹ്റൈൻ പൊലീസ് സംഘം ഖത്തറിലെത്തി. ജി.സി.സി രാജ്യങ്ങളിലെ സുരക്ഷാ ഏജൻസികൾ ഒത്തുചേരുന്ന ഈ വമ്പൻ പരിശീലന പരിപാടി ഇന്നു മുതൽ മുതൽ ഫെബ്രുവരി നാല് വരെയാണ് ഖത്തറിൽ നടക്കുന്നത്. ഗൾഫ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രാലയങ്ങൾ തമ്മിലുള്ള ഏകോപനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംയുക്ത നീക്കം. ഏതൊരു അടിയന്തര സാഹചര്യത്തെയും നേരിടാൻ സേനയെ സജ്ജമാക്കുന്നതിനൊപ്പം, ഓരോ രാജ്യത്തെയും സുരക്ഷാ ഉദ്യോഗസ്ഥർക്ക് തങ്ങളുടെ അനുഭവങ്ങളും അത്യാധുനിക പ്രവർത്തന രീതികളും പരസ്പരം കൈമാറാനുള്ള അവസരം കൂടിയാണിത്. സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ ആധുനിക സുരക്ഷാ രീതികളുടെ പരീക്ഷണം, സുരക്ഷാ വെല്ലുവിളികളെ നേരിടാൻ എല്ലാ ഗൾഫ് രാജ്യങ്ങളും ഒരേതരത്തിലുള്ള പ്രതിരോധ തന്ത്രങ്ങൾ ആവിഷ്കരിക്കുക, ഏതുവിധത്തിലുള്ള സുരക്ഷാ ഭീഷണികളെയും നേരിടാൻ സേനയുടെ വേഗവും കൃത്യതയും വർധിപ്പിക്കുക എന്നിവയാണ് ‘അറേബ്യൻ ഗൾഫ് സെക്യൂരിറ്റി 4’ന്റെ പ്രധാന ലക്ഷ്യങ്ങൾ.
ഈ സുരക്ഷാ കൂട്ടായ്മയുടെ തുടക്കം 2016ൽ ബഹ്റൈനിൽ വെച്ചായിരുന്നു. അന്ന് ‘അറേബ്യൻ ഗൾഫ് സെക്യൂരിറ്റി’യുടെ ആദ്യ പതിപ്പിന് ആതിഥേയത്വം വഹിച്ചത് ബഹ്റൈൻ ആയിരുന്നു. വർഷങ്ങൾക്കിപ്പുറം നാലാം പതിപ്പിൽ എത്തുമ്പോൾ ഈ സുരക്ഷാ സഹകരണം കൂടുതൽ ഊർജസ്വലവും സുശക്തവുമായി മാറിയിരിക്കുകയാണ്. ഗൾഫ് മേഖലയുടെ സമാധാനവും സുരക്ഷയും കാത്തുസൂക്ഷിക്കാൻ തങ്ങൾ സജ്ജമാണെന്ന ഉറച്ച പ്രഖ്യാപനവുമായാണ് ബഹ്റൈൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ സേനാംഗങ്ങൾ ഖത്തറിന്റെ മണ്ണിൽ അണിനിരക്കുന്നത്.;
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

