ബഹ്റൈൻ അംബാസഡർ വത്തിക്കാൻ സിറ്റിയിൽ മാർപാപ്പക്ക് വിശ്വാസപത്രം സമർപ്പിച്ചു
text_fieldsബഹ്റൈൻ അംബാസഡർ വത്തിക്കാൻ സിറ്റിയിൽ ലിയോ മാർപാപ്പക്കൊപ്പം
മനാമ: ബഹ്റൈന്റെ പാരിസിലെ റെസിഡന്റ് അംബാസഡറായ എസ്സാം അബ്ദുൽ അസീസ് അൽ ജാസിം, വത്തിക്കാൻ സിറ്റിയിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ വെച്ച് ഹിസ് ഹോളിനസ് മാർപാപ്പ ലിയോ 14ാമന് തന്റെ വിശ്വാസപത്രം സമർപ്പിച്ചു. മാർപാപ്പക്ക് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും ആശംസകളും ആരോഗ്യ സൗഖ്യത്തിനായുള്ള പ്രാർഥനകളും അംബാസഡർ കൈമാറി.
സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും പൊതുതാൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടി വത്തിക്കാനുമായുള്ള ബന്ധങ്ങളും സഹകരണവും ശക്തിപ്പെടുത്തുന്നതിനുള്ള ബഹ്റൈന്റെ പ്രതിബദ്ധത അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഹമദ് രാജാവിനും കിരീടാവകാശിക്കും പ്രധാനമന്ത്രിക്കും തന്റെ ആശംസകളും അഭിനന്ദനങ്ങളും അറിയിക്കാൻ അംബാസഡറെ ചുമതലപ്പെടുത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും, രാജ്യങ്ങൾക്കിടയിൽ സമാധാനത്തിന്റെയും സൗഹാർദത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുന്നതിനും അംബാസഡർക്ക് തന്റെ നയതന്ത്രപരമായ ചുമതലകളിൽ വിജയം നേടാൻ അദ്ദേഹം ആശംസിച്ചു. ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി, അംബാസഡർ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോലിൻ, വിദേശ രാജ്യങ്ങളുമായുള്ള ബന്ധങ്ങളുടെ സെക്രട്ടറിയും അന്താരാഷ്ട്ര സംഘടനകളിലെ കാര്യദർശിയുമായ ആർച്ച് ബിഷപ് പോൾ റിച്ചാർഡ് ഗല്ലേഘർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചകളിൽ ഇരുപക്ഷവും തമ്മിലുള്ള അടുത്ത ബന്ധങ്ങൾ അവലോകനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

