ബഹ്‌റൈൻ വനിതാ ദിനം: ഹമദ് രാജാവും പ്രിൻസസ് സബീഖയും ആശംസകൾ കൈമാറി
text_fieldsപ്രിൻസസ് സബീഖ, രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ
മനാമ: ബഹ്‌റൈൻ വനിതാ ദിനമായ 2025 ഡിസംബർ ഒന്നിനോടനുബന്ധിച്ച് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും, അദ്ദേഹത്തിന്റെ പത്നിയും സുപ്രീം കൗൺസിൽ ഫോർ വുമൺ (എസ്.സി.ഡബ്ല്യു) പ്രസിഡന്റുമായ പ്രിൻസസ് സബീഖ ബിൻത് ഇബ്രാഹിം ആൽ ഖലീഫയും ആശംസ സന്ദേശങ്ങൾ കൈമാറി. ഈ വർഷത്തെ വനിതാ ദിനാചരണം ‘ബഹ്‌റൈൻ വനിത: മികവ്–സർഗാത്മകത– നവീകരണം’ എന്ന പ്രമേയത്തിലാണ് രാജ്യം ആഘോഷിക്കുന്നത്.
രാജ്യത്തിന്റെ നിർമാണത്തിൽ വനിതകളെ അടിസ്ഥാന പങ്കാളിയായി കാണുന്ന ഹമദ് രാജാവിന്റെ ദീർഘവീക്ഷണത്തിന്റെ സാക്ഷാത്കാരമാണ് ഈ ദിനാചരണം പ്രതിഫലിപ്പിക്കുന്നതെന്ന് രാജാവിനയച്ച സന്ദേശത്തിൽ പ്രിൻസസ് സബീഖ പറഞ്ഞു. രാജകീയ സംരക്ഷണത്തിന്റെ തണലിൽ ബഹ്‌റൈൻ വനിതകൾ കൈവരിച്ച നേട്ടങ്ങളെ ഇത് ഉറപ്പിക്കുന്നു. സമഗ്ര വികസന പ്രക്രിയയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ അവരുടെ പദവിയും പങ്കാളിത്തവും വ്യക്തമാക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
സുപ്രീം കൗൺസിൽ ഫോർ വുമൺ എന്ന നിലയിൽ, രാജാവിന്റെ പിന്തുണയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, വനിതകളുടെ പുരോഗതിയും സ്ഥാനവും വർധിപ്പിക്കുന്നതിനും ദേശീയ പ്രവർത്തനത്തിന്റെ എല്ലാ മേഖലകളിലും അവരുടെ സജീവമായ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനുമുള്ള ലക്ഷ്യങ്ങൾ തുടർന്നും യാഥാർഥ്യമാക്കുമെന്ന് പ്രിൻസസ് സബീഖ പ്രതിജ്ഞയെടുത്തു.
മറുപടി സന്ദേശത്തിൽ വനിതകളുടെ ഉന്നമനത്തിനും ശാക്തീകരണത്തിനുമായി കൗൺസിലിന്റെ പ്രസിഡന്റ് എന്ന നിലയിൽ പ്രിൻസസ് സബീഖ നടത്തുന്ന അക്ഷീണ പ്രയത്നങ്ങളെ രാജാവ് പ്രത്യേകം അഭിനന്ദിച്ചു. രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, സാംസ്കാരിക മേഖലകളിലെല്ലാം ബഹ്‌റൈൻ വനിതകൾ നൽകിയ സംഭാവനകളെ രാജാവ് മുക്തകണ്ഠം പ്രശംസിച്ചു. സമഗ്ര വികസന പ്രക്രിയയുടെ വെളിച്ചത്തിൽ, ബഹ്‌റൈൻ വനിതകളുടെ പദവിയും സാംസ്കാരിക പങ്കും കൂടുതൽ ശക്തിപ്പെടുത്തുന്നതിന് പുതിയ അവസരങ്ങൾ ഉപയോഗിച്ച് കൂടുതൽ ദേശീയ നേട്ടങ്ങൾ കൈവരിക്കാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

