വികസനക്കുതിപ്പിന് വൻ പദ്ധതികളുമായി ബഹ്റൈൻ
text_fieldsമനാമ: അടിസ്ഥാനസൗകര്യ വികസത്തിന് ഉപകരിക്കുന്ന വൻ പദ്ധതികളുമായി കുതിപ്പിനൊരുങ്ങുകയാണ് രാജ്യം. 50ലധികം മെഗാ പ്രോജക്ടുകളാണ് ഈ വർഷവും അടുത്ത വർഷവുമായി നടപ്പാകാൻ പോകുന്നത്. റോഡുകളും പാലങ്ങളും കെട്ടിടങ്ങളും മുതൽ ഭവനം, വിദ്യാഭ്യാസം, ആരോഗ്യം, ഡിജിറ്റലൈസേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലകളിലെ പദ്ധതികളും അംഗീകാരത്തിനായി സമർപ്പിക്കപ്പെട്ടവയിൽപെടുന്നു.പദ്ധതികൾ പൂർത്തീകരിക്കപ്പെട്ടാൽ രാജ്യത്തിന്റെ വ്യവസായികവും വാണിജ്യപരവുമായ കുതിച്ചുചാട്ടത്തിന് സഹായകമാകുമെന്നാണ് വ്യാപാരലോകം കണക്കുകൂട്ടുന്നത്. പാർലമെന്റിലും ശൂറ കൗൺസിലിലും മന്ത്രിസഭ അവതരിപ്പിച്ച 2023-2024ലെ ദേശീയ ബജറ്റിന്റെ കരടുരേഖയിലാണ് വൻ പദ്ധതികളെപ്പറ്റി പരാമർശിച്ചിരിക്കുന്നത്.
മൊത്തം 1.123 ബില്യൺ ദീനാർ ചെലവുവരുന്നതാണ് പദ്ധതികൾ. ഇതിൽ 608.6 മില്യൺ ദീനാർ ഈ വർഷവും 514.1 മില്യൺ ദീനാർ അടുത്ത വർഷവും ചെലവഴിക്കാനാണ് പദ്ധതി. പാർലമെന്റിന്റെ സാമ്പത്തിക, സാമ്പത്തികകാര്യ സമിതിയിൽ അവതരിപ്പിച്ച രേഖകൾപ്രകാരം ബജറ്റിന്റെ 38 ശതമാനം അടിസ്ഥാനസൗകര്യ പദ്ധതികൾക്കായാണ് ചെലവഴിക്കുക. 33 ശതമാനം ഭവന, സാമൂഹിക സൗകര്യങ്ങൾക്കും 11 ശതമാനം യുവാക്കൾ, കായികം, സാംസ്കാരികം എന്നിവക്കും നാലു ശതമാനം വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സേവനങ്ങൾ എന്നിവക്കും ചെലവഴിക്കും. ബാക്കി 13 ശതമാനം വിവിധ മേഖലകൾക്കായി നീക്കിവെച്ചിരിക്കുകയാണ്.
ബഹ്റൈൻ മെട്രോ, സ്പോർട്സ് സിറ്റി, സൽമാൻ ഇൻഡസ്ട്രിയൽ സിറ്റി വികസിപ്പിക്കൽ, സൽമാനിയ മെഡിക്കൽ കോംപ്ലക്സ് (എസ്.എം.സി) നവീകരിക്കൽ, മുഹറഖിനും മനാമക്കുമിടയിൽ നാലാമത്തെ പാലം, വിമാനത്താവളത്തിലേക്കുള്ള എല്ലാ റോഡുകളും വികസിപ്പിക്കൽ, പുതിയ ദേശീയ അസംബ്ലി കെട്ടിടം എന്നിവയാണ് പദ്ധതികൾ. എസ്.എം.സി നവീകരണവും പുതിയ സ്പോർട്സ് സിറ്റിയും 2025 അവസാനത്തോടെ പൂർത്തിയാകും. പുതിയ ദേശീയ അസംബ്ലിക്ക് 20 മില്യൺ ദീനാറാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മുഹറഖിനും മനാമക്കും ഇടയിലുള്ള നാലാമത്തെ പാലത്തിന് ഇതിനോടകം 40 മില്യൺ ദീനാർ ചെലവഴിച്ചുകഴിഞ്ഞു. വിമാനത്താവളത്തിലേക്കുള്ള റോഡുകൾ വികസിപ്പിക്കുന്നതിന് 7.4 മില്യൺ ദീനാർ ചെലവഴിച്ചിട്ടുണ്ട്. അടുത്ത രണ്ടു ബജറ്റ് വർഷങ്ങളിൽ ഇതിന് 13.2 മില്യൺ ദീനാർ ചെലവഴിക്കും. സൽമാൻ ഇൻഡസ്ട്രിയൽ സിറ്റി വികസനത്തിന് ഇതിനകം 1.4 മില്യൺ ദീനാർ ചെലവായി. അടുത്ത രണ്ടു ബജറ്റ് വർഷങ്ങളിൽ 7.6 മില്യൺ ദീനാർ ചെലവഴിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

