തണുപ്പ് കാലം വിരുന്നെത്തുന്നു; ക്യാമ്പിങ് കാലത്തെ വരവേൽക്കാനൊരുങ്ങി രാജ്യം
text_fieldsമനാമ: ചൂട് കാലത്തോട് വിടപറഞ്ഞ് തണുപ്പിനെ വരവേൽക്കാനൊരുങ്ങി ബഹ്റൈൻ. ഇത്രയും കാലം ശീതീകരിച്ച മുറികളിൽ മാത്രം ഒത്തുകൂടിയും സന്തോഷം പങ്കിട്ടും കഴിഞ്ഞ പ്രവാസികൾക്കും സ്വദേശികൾക്കും ഇനി ക്യാമ്പിങ് കാലം ആരംഭിക്കുകയാണ്. ബഹ്‌റൈനിലെ ഈ വർഷത്തെ ക്യാമ്പിങ് സീസൺ ഔദ്യോഗികമായി നവംബർ 25-ന് ആരംഭിക്കുമെന്ന് ദക്ഷിണ ഗവർ്ണറേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ്.
2027 മാർച്ച് 25 വരെയാണ് ഈ സീസണിലെ ക്യാമ്പിങ് കാലാവധി. നാല് മാസം നീണ്ടുനിൽക്കുന്ന സീസണിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി അധികൃതർ അറിയിച്ചു. ദക്ഷിണ ഗവർണർ ശൈഖ് ഖലീഫ ബിൻ അലി അൽ ഖലീഫയുടെ അധ്യക്ഷതയിൽ ആഭ്യന്തര മന്ത്രാലയവുമായി ചേർന്ന് നടന്ന ഉന്നതതല യോഗത്തിലാണ് തീയതികൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സീസൺ ആരംഭിക്കുന്ന ദിവസം തന്നെ ‘അൽജുനൂബിയ’ ആപ്പിലെ ‘ഖയ്യാം’ സേവനം വഴി ക്യാമ്പിംഗിനായുള്ള രജിസ്‌ട്രേഷൻ നടപടികൾ ആരംഭിക്കും. പൊതുസുരക്ഷ ഉറപ്പാക്കുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനുമായി അനുവദിക്കപ്പെട്ട നിശ്ചിത ക്യാമ്പിംഗ് മേഖലകളിൽ മാത്രം ക്യാമ്പുകൾ സ്ഥാപിക്കാനും, എല്ലാ നിയമങ്ങളും ചട്ടങ്ങളും കർശനമായി പാലിക്കാനും അധികൃതർ ഓർമ്മിപ്പിച്ചു.
ജനങ്ങൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ കർശനമായ സുരക്ഷാ ക്രമീകരണങ്ങളും ബോധവൽക്കരണ പരിപാടികളും നിരീക്ഷണങ്ങളും സീസണിലുടനീളം ഉണ്ടാകും.
ക്യാമ്പിംഗ് സീസണുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും പരാതികൾക്കും campers@southern.gov.bh എന്ന മെയിൽ വഴിയോ, അൽജുനൂബിയ ആപ്പിലെ ഇൻസ്റ്റന്റ് മെസ്സേജിംഗിലൂടെയോ ‘തവാസൂൽ’ വഴിയോ ബന്ധപ്പെടാവുന്നതാണ്.

