നാസയുടെ ചാന്ദ്രപര്യവേക്ഷണ ദൗത്യത്തിൽ ബഹ്റൈനും പങ്കാളിയാകും
text_fieldsമനാമ: യു.എസ് പ്രഖ്യാപിച്ച പുതിയ ചാന്ദ്രപര്യവേക്ഷണ ദൗത്യത്തിൽ പങ്കാളിയാകാനുള്ള നാഷനൽ സ്‍പേയ്സ് സയൻസ് ഏജൻസിയുടെ തീരുമാനത്തിന് ശൂറ കൗൺസിലിന്റെ അംഗീകാരം.
ചന്ദ്രനിൽ ആദ്യമായി വനിത ബഹിരാകാശസഞ്ചാരിയെ ഇറക്കാനാണ് നാസയുടെ ആർട്ടെമിസ് ചാന്ദ്രദൗത്യം ലക്ഷ്യമിടുന്നത്. ആ വനിത ബഹ്റൈനിയാകട്ടെ എന്നും ശൂറ കൗൺസിൽ പ്രതീക്ഷ പ്രകടിപ്പിച്ചു.വാണിജ്യ, അന്തർദേശീയ പങ്കാളികളുടെ സഹകരണത്തോടെ ചന്ദ്രനിൽ ആദ്യത്തെ ദീർഘകാല സാന്നിധ്യം സ്ഥാപിക്കാനാണ് ‘നാസ’. ലക്ഷ്യമിടുന്നത്.
പര്യവേക്ഷണം മൂലമുണ്ടാകുന്ന ശാസ്ത്രീയ, സാമ്പത്തികനേട്ടങ്ങൾക്കുപുറമെ തലമുറകൾക്ക് പ്രചോദകമാകുക എന്ന ലക്ഷ്യവും പുതിയ ആർട്ടെമിസ് ദൗത്യത്തിനുണ്ട്. ചന്ദ്രന്റെ ഭ്രമണപഥത്തിൽ ഒരു ആർട്ടെമിസ് ബേസ് ക്യാമ്പും ഗേറ്റ്‌വേയും നിർമിക്കുകയും ദൗത്യത്തിന്റെ ലക്ഷ്യമാണ്. ഇവിടം കേന്ദ്രീകരിച്ചായിരിക്കും റോബോട്ട് ടെക്നോളജിയുടെ സഹായത്തോടെ പര്യവേക്ഷണങ്ങൾ നടത്തുക.
തംകീനും ബഹ്റൈൻ ചേംബറും സ്‍പേസ് സെക്ടറിൽ നിക്ഷേപം നടത്താൻ വ്യവസായികളെ പ്രോൽസാഹിപ്പിക്കുമെന്ന് നാഷണൽ സ്‍പേസ് സയൻസ് ഏജൻസി ചീഫ് എക്സിക്യുട്ടീവ് ഡോ. മുഹമ്മദ് അൽ അസീരി വെളിപ്പെടുത്തിയിരുന്നു. നാസയുടെ ദൗത്യത്തിൽ പങ്കാളിയാകാനുള്ള തീരുമാനം പുതിയ സാങ്കേതികവിദ്യകൾ സ്വായത്തമാക്കാനും അത് വഴി വികസനത്തിലേക്ക് വലിയ കുതിച്ചുചാട്ടം നടത്താനും രാജ്യത്തെ സഹായിക്കുമെന്ന് ശൂറ വിമൻ ആന്റ് ചൈൽഡ് കമ്മിറ്റി വൈസ് ചെയർവുമൺ ഡോ. ജമീല അൽ സൽമാൻ പറഞ്ഞു. പ്രതിഭകളായ ബഹ്റൈനികളെ ഈ മേഖലയിൽ പരിശീലനം നൽകി വളർത്തിക്കൊണ്ടുവരുകയാണ് ലക്ഷ്യം.
ചന്ദ്രനിൽ കാലുകുത്തുക എന്നതിനപ്പുറം സ്‍പേസ് സയൻസിലും ടെക്നോളജിയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പുരോഗതിക്ക് അവശ്യഘടകമാണ്. നാം ഇന്നുപയോഗിക്കുന്ന പല സാങ്കേതിക സംവിധാനങ്ങളും സ്‍പേസ് സയൻസിന്റെ വികാസത്തിലൂടെ ഉണ്ടായതാണെന്നും അത് സംബന്ധിച്ച അവബോധം ജനത്തിന് പകർന്നുകൊടുക്കേണ്ടതുണ്ടെന്നും അവർ ചൂണ്ടിക്കാണിച്ചു. ലോകത്ത് ഏറ്റവുമധികം അലുമിനിയം ഉൽപാദിപ്പിക്കുന്ന രണ്ടാമത്തെ ഫാക്ടറി ബഹ്റൈനിലാണ്. സ്‍പേസ് ടെക്നോളജിയിൽ ബഹിരാകാശവാഹനങ്ങളും ഉപഗ്രഹങ്ങളും നിർമിക്കാനുപയോഗിക്കുന്ന ലോഹങ്ങളിൽ അലുമിനിയം പ്രധാനപ്പെട്ടതാണ്.
അതുകൊണ്ടുതന്നെ രാജ്യത്തിന് ഈ മേഖലയിൽ സുപ്രധാന പങ്ക് വഹിക്കാനാകുമെന്ന് ഡോ. മുഹമ്മദ് അൽ അസീരി ചൂണ്ടിക്കാട്ടി. ഈ മേഖലയിലെ നിക്ഷേപത്തിന് വലിയ ലാഭമുണ്ടാക്കാൻ കഴിയുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
നാഷനൽ സ്‍പേസ് സയൻസ് ഏജൻസിയിൽ നുറു ശതമാനം സയന്റിസ്റ്റുകളും ബഹ്റൈനികളാണെന്നും 31 വയസ്സാണ് ശരാശരി പ്രായമെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.