മനാമ: എയ്ഡ്സിനെതിരെ പ്രഥമ അന്താരാഷ്ട്ര സമ്മേളനത്തിന് ബഹ്റൈൻ വേദിയാവും. സെപ്റ്റംബർ 22, 23 ന് നടക്കുന്ന സമ്മേളനം ആരോഗ്യ കാര്യ സുപ്രീം കൗൺസിൽ ചെയർമാൻ ലഫ്. ജനറൽ ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ രക്ഷാധികാരത്തിലാണ് നടക്കുക. 'എയ്ഡ്സ് ജീവിതത്തിന്റെ അവസാനമല്ല'എന്ന പ്രമേയത്തിലാണ് സമ്മേളനം.
വിവിധ മന്ത്രാലയങ്ങളും സർക്കാർ അതോറിറ്റികളും സാമൂഹിക സംഘടനകളും സ്വകാര്യ മേഖലയും സമ്മേളനത്തിൽ പങ്കാളികളാവും. എയ്ഡ്സ് വ്യാപനം തടയുന്നതിനുള്ള മാർഗങ്ങളും പോംവഴികളും ഇതിൽ ചർച്ചയാവും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഗവേഷകരും അക്കാദമീഷ്യരും അണിനിരക്കുന്ന സമ്മേളനം ആരോഗ്യ മേഖലയിൽ രാജ്യം കൈവരിച്ച നേട്ടം അടയാളപ്പെടുത്തുന്നതായിരിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.