ബഹ്റൈനിൽ വിധവയായ വീട്ടമ്മയ്ക്ക് 600 ദീനാറിന്റെ വാട്ടർ ബിൽ: അടിയന്തര അന്വേഷണം വേണമെന്ന് കൗൺസിലർമാർ
text_fieldsമനാമ: ഹമദ് ടൗണിൽ അധ്യാപികയായി വിരമിച്ച ബഹ്‌റൈനി വിധവയ്ക്ക് 600 ദീനാറിലധികം അസാധാരണമായ വാട്ടർ ബിൽ ലഭിച്ചത് കൗൺസിലർമാർക്കിടയിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. സംഭവത്തിന്റെ കാരണം കണ്ടെത്താൻ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുമായി (ഇവ) ചേർന്ന് അടിയന്തര സ്ഥല പരിശോധന നടത്തണമെന്ന് നോർത്തേൺ മുൻസിപ്പൽ കൗൺസിൽ ആവശ്യപ്പെട്ടു.
വീട്ടിൽ പരിശോധന നടത്തിയപ്പോൾ വെള്ളച്ചോർച്ച ഒന്നും കണ്ടെത്തിയിരുന്നില്ലെന്ന് പറയുമ്പോഴും പ്രതിമാസ ബില്ലിൽ ഈ തുക വന്നത് കുടുംബത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. ഹമദ് ടൗണിൽ മൂന്ന് ആൺമക്കളോടും ചെറുമക്കളോടുമൊപ്പം താമസിക്കുന്ന 58 കാരിയായ ഉമ്മു അലി എന്ന വീട്ടമ്മയ്ക്കാണ് ഈ അനുഭവമുണ്ടായത്. ആഗസ്റ്റിൽ 120 ദീനാറോളം ഉയർന്ന വാട്ടർ ബിൽ സെപ്റ്റംബറിൽ 605.660 ദീനാറായി ഉയരുകയായിരുന്നു. വൈദ്യുതി നിരക്കും മറ്റ് ചാർജുകളും ഉൾപ്പെടെ ആകെ അടയ്ക്കേണ്ട തുക 679.120 ദീനാറായി മാറിയിട്ടുണ്ട്.
വെസ്റ്റേൺ ഹമദ് ടൗൺ കൗൺസിലറും സർവീസസ് ആൻഡ് പബ്ലിക് യൂട്ടിലിറ്റീസ് കമ്മിറ്റി ചെയർമാനുമായ അബ്ദുല്ല അൽ ഖുബൈസിയാണ് വിഷയം കൗൺസിലിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. ബിൽ തുക ഉയർന്നതിനെ തുടർന്ന് ഇവർ അധികൃതരെ ബന്ധപ്പെട്ടിരുന്നെന്നും പരിശോധനയിൽ ചോർച്ചയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ബിൽ തുക തിരുത്തി നൽകാമെന്ന് അറിയിച്ചിരുന്നതായും കൗൺസിലർമാർ വ്യക്തമാക്കി. നിർദ്ദേശപ്രകാരം 180 ദീനാർ ചെലവഴിച്ച് വീട്ടിലെ പൈപ്പുകൾ മാറ്റിയെങ്കിലും ഈ മാസവും ബിൽ തുക 600 ദീനാറായി തന്നെ തുടർന്നു.
സാധാരണയായി 15 ദീനാറോളം മാത്രം വാട്ടർ ബിൽ വരേണ്ട സ്ഥാനത്താണ് ഒരു ബ്ലോക്കിന് മുഴുവൻ വരുന്ന തുക ഒറ്റ വീടിന് വന്നിരിക്കുന്നത്. വാട്ടർ മീറ്റർ, കണക്ഷനുകൾ, പൈപ്പുകൾ, മുൻകാല ബിൽ വിവരങ്ങൾ എന്നിവ ഇ.ഡബ്ല്യു.എ സംഘത്തോടൊപ്പം നേരിട്ട് പരിശോധിക്കുമെന്നും ഇത് സാങ്കേതിക തകരാറോ ഭരണപരമായ പിഴവോ മൂലമാണോ എന്ന് കണ്ടെത്തുമെന്നും മുൻസിപ്പൽ കൗൺസിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

