ഗസ്സ പുനർനിർമാണം; യു.എൻ പ്രമേയത്തെ സ്വാഗതം ചെയ്ത് ബഹ്‌റൈൻ
text_fieldsമനാമ: ഗസ്സയിലെ സംഘർഷം അവസാനിപ്പിക്കാനും ദീർഘകാല സ്ഥിരതയ്ക്കും പുനർനിർമ്മാണത്തിനും ലക്ഷ്യമിട്ടുള്ള ഐക്യരാഷ്ട്രസഭ രക്ഷാസമിതി പ്രമേയത്തെ സ്വാഗതം ചെയ്ത് ബഹ്‌റൈൻ.
പ്രമേയത്തിലെ വ്യവസ്ഥകളോട് പൂർണമായും യോജിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. വെടിനിർത്തൽ ശക്തിപ്പെടുത്തുക, പുനർനിർമ്മാണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഒരു ഇടക്കാല അന്താരാഷ്ട്ര ‘സമാധാന കൗൺസിൽ’ സ്ഥാപിക്കുക, സഹായങ്ങളെത്തിക്കാനുള്ള പൂർണ പ്രവേശനം അനുവദിക്കുക, സ്ഥിതിഗതികൾ സാധാരണ നിലയിലാക്കാൻ താൽക്കാലിക അന്താരാഷ്ട്ര സേനയെ വിന്യസിക്കുക എന്നിവ പ്രമേയത്തിലെ പ്രധാന വ്യവസ്ഥകളാണ്. ഈ അന്താരാഷ്ട്ര സേനയുടെ ദൗത്യങ്ങളിൽ സാധാരണക്കാരെ സംരക്ഷിക്കൽ, നിരായുധീകരണം നടപ്പിലാക്കൽ, ഫലസ്തീൻ പൊലീസ് സേനയെ സഹായിക്കൽ എന്നിവ ഉൾപ്പെടുന്നു.
ഈ നടപടികൾ അന്താരാഷ്ട്ര നിയമങ്ങൾക്കും മാനുഷിക നിലവാരങ്ങൾക്കും അനുസൃതമാണെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.
പ്രമേയം തയ്യാറാക്കുന്നതിൽ അമേരിക്ക വഹിച്ച പങ്കിനും, പ്രമേയം പാസാക്കാൻ സഹകരിച്ച രക്ഷാസമിതി അംഗങ്ങൾക്കും പ്രാദേശിക അന്താരാഷ്ട്ര പങ്കാളികൾക്കും ബഹ്‌റൈൻ അഭിനന്ദനം രേഖപ്പെടുത്തി. ഡൊണാൾഡ് ട്രംപിന്റെ ‘സമാധാനവും ശാശ്വത സമൃദ്ധിയും’ എന്ന പദ്ധതിയുടെ അടിസ്ഥാനത്തിലാണ് ഈ പ്രമേയമെന്നും, ഇത് ശറമുൽ ശൈഖ് സമാധാന ഉച്ചകോടിയിൽ അംഗീകരിച്ചതാണെന്നും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഫലസ്തീൻ ജനതയ്ക്ക് സ്വയം നിർണയാവകാശം വിനിയോഗിക്കാനും ഒരു സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനും വഴിയൊരുക്കുന്ന ഒരു ചരിത്രപരമായ നാഴികക്കല്ലായാണ് പ്രമേയത്തെ രാജ്യം വിശേഷിപ്പിച്ചത്. ഇത്തരമൊരു നടപടി നീതിയുക്തവും ശാശ്വതവുമായ സമാധാനം ശക്തിപ്പെടുത്താനും മേഖലയിലെ എല്ലാ ജനങ്ങൾക്കിടയിലും സഹവർത്തിത്വവും സമൃദ്ധിയും പ്രോത്സാഹിപ്പിക്കാനും സഹായിക്കുമെന്നും ബഹ്‌റൈൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

