റമദാനെ വരവേറ്റ് ബഹ്റൈൻ; റമദാൻ ഇൻ ബഹ്റൈൻ പദ്ധതികളുമായി ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി
text_fieldsറമദാന്റെ മുന്നോടിയായി മനാമ സെൻട്രൽ മാർക്കറ്റിൽ ഇന്നലെ അനുഭവപ്പെട്ട തിരക്ക്. (ചിത്രം സത്യൻ പേരാമ്പ്ര)
മനാമ: വിശുദ്ധ മാസത്തെ മാസപ്പിറവി കണ്ടതോടെ ഇനിയുള്ള രാപ്പകലുകൾ ആത്മവിശുദ്ധിയുടേതാണ്. ഒരുങ്ങിയും ഒരുക്കിയും റമദാനെ കാത്തിരുന്ന വിശ്വാസികൾക്ക് ഇനി സമൃദ്ധിയുടെ കൂടെ നാളുകളാണ്. റമദാനായതോടെ ആഘോഷങ്ങളുമായി ബഹ്റൈനും പതിവുപോലെ ഒരുങ്ങിയിട്ടുണ്ട്. മാർക്കറ്റുകളിലും ഷോപ്പിങ് കേന്ദ്രങ്ങളിലും അവശ്യ സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഹൈപ്പർ മാർക്കറ്റുകളുലും വലിയ ഷോപ്പിങ് മാളുകളിലും റമദാൻ ഓഫറുകളും നടക്കുന്നുണ്ട്. വലിയ വിലക്കിഴിവാണ് ഉപഭോക്താക്കൾക്ക് റമദാൻ സമ്മാനമായി അവർ ഒരുക്കിയിരിക്കുന്നത്. സാധനങ്ങൾക്ക് അമിതവില ഈടാക്കുന്നത് തടയാനും കൃത്രിമം കാണിക്കുന്നത് തടയാനും ബന്ധപ്പെട്ട അധികൃതർ സ്ഥിരം പരിശോധനയും നടത്തുന്നുണ്ട്.
‘റമദാൻ ഇൻ ബഹ്റൈൻ’ പദ്ധതികളുമായി ബി.ടി.ഇ.എ
ആത്മവിശുദ്ധിയുടെ നാളുകൾക്കൊപ്പം ഒരു മാസം രാജ്യത്തെ ആഘോഷങ്ങൾക്കും തിരിതെളിയും. അനുഭൂതിനിറഞ്ഞതും ആനന്ദമേറിയതുമായ രാവുകളെ സമ്മാനിക്കാൻ ‘റമദാൻ ഇൻ ബഹ്റൈൻ’ പദ്ധതികളുമായി ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റിയും (ബി.ടി.ഇ.എ) രംഗത്തുണ്ട്. ലൈറ്റുകളും തോരണങ്ങളുമായി നഗരവീചികളും കടകളും വീടുകളും ഒരുക്കിയെടുക്കും. കുട്ടികൾക്കിടയിലെ ഗർഖാഊൻ (സമ്മാന ദാന ആഘോഷം) മനോഹര ഏടായി ഈ പ്രാവശ്യവും ആഘോഷിക്കും. പൊതു, സ്വകാര്യ മേഖലകളുടെ പങ്കാളിത്തത്തോടെ നടത്തുന്ന പദ്ധതി രാജ്യത്തെ പൈതൃകം, വിനോദം, ആതിഥ്യം എന്നിവ പ്രകടമാക്കും.
ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കുന്ന മനാമ നൈറ്റ്സാണ് കൂടുതൽ വിശേഷപ്പെട്ടത്. നിരവധി കടകളുമായി സഹകരിച്ച് റമദാൻ പ്രമേയങ്ങളെ പ്രദർശിപ്പിച്ചും മറ്റും മനാമ തെരുവുകളെ നയനമനോഹരമാക്കും. രാത്രികാല നിമിഷങ്ങളെ അവിസ്മരണീയമാക്കാൻ പാകത്തിലൊരുക്കുന്ന ഗെയിമുകൾ, സാംസ്കാരിക പരിപാടികൾ, പരമ്പരാഗത പ്രവർത്തനങ്ങൾ എന്നിവ മനാമ നൈറ്റ്സിൽ അരങ്ങേറും. ഫെബ്രുവരി 18ന് തുടങ്ങി മാർച്ച് 19 വരെ തുടരുന്ന നൈറ്റ്സിന് ബഹ്റൈൻ നാഷനൽ തിയറ്റർ പരിസരവും സാക്ഷിയാകും. സന്ദർശകർക്ക് വൈകീട്ട് ഏഴുമുതൽ അർധരാത്രി 12 വരെ പ്രവേശനമുണ്ടാവും.
റമദാനിന്റെ പൈതൃകങ്ങളെയും ഇന്നലെകളെയും ഓർമപ്പെടുത്തിക്കൊണ്ടുള്ള പരിപാടികളുമായി അസ്കറിലെ ഹെറിറ്റേജ് വില്ലേജിനെ ഇൻഫർമേഷൻ മന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്. വൈകീട്ട് 8.30ന് തുടങ്ങി രാത്രി ഒന്നിന് അവസാനിക്കുന്ന ഹെറിറ്റേജ് വില്ലേജിലെ ആഘേഷങ്ങൾ മാർച്ച് ഒന്ന് മുതൽ 18 വരെ തുടരും. ബഹ്റൈന്റെ പൈതൃകത്തെയും പാരമ്പര്യത്തെയും പ്രദർശിപ്പിക്കുന്ന ഈ ആഘോഷ പരിപാടികൾ ജി.സി.സിയിൽ നിന്നുള്ള സന്ദർശകരെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. അവരെ ആകർഷിക്കുന്നതിനായി യാത്രാ കിഴിവുകൾ, താമസം, ഗതാഗതം, വിനോദ പാക്കേജുകൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. നിരവധി പഞ്ചനക്ഷത്ര ഹോട്ടലുകളടക്കം റമദാൻ ഇഫ്താറുകളും വിരുന്നുകളും സജ്ജമാക്കുന്നുണ്ട്.കൂടാതെ റസ്റ്റാറന്റുകളും ഹോട്ടലുകളും പ്രത്യേക ഈദ് പരിപാടികൾ സംഘടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

