ഗസ്സ സമ്പൂർണ വെടിനിർത്തൽ: ഐക്യരാഷ്ട്ര സുരക്ഷ കൗൺസിൽ പ്രമേയത്തെ സ്വാഗതം ചെയ്ത് ബഹ്റൈൻ
text_fieldsമനാമ: ഗസ്സയിൽ ഉടനടി സമ്പൂർണ വെടിനിർത്തൽ ആവശ്യപ്പെടുന്ന ഐക്യരാഷ്ട്ര സുരക്ഷ കൗൺസിൽ പ്രമേയത്തെ ബഹ്റൈൻ സ്വാഗതം ചെയ്തു. ബന്ദികളെ മോചിപ്പിക്കുക, തടവുകാരെ കൈമാറ്റം ചെയ്യുക, സാധാരണക്കാരെ അവരുടെ വീടുകളിലേക്ക് മടങ്ങാൻ അനുവദിക്കുക, മാനുഷിക സഹായം വിതരണം ചെയ്യാനുള്ള സാഹചര്യമൊരുക്കുക എന്നീ കാര്യങ്ങളും പ്രമേയത്തിൽ പറയുന്നുണ്ട്. വിനാശകരമായ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് പ്രമേയമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പ്രമേയം സമർപ്പിക്കുന്നതിനും അംഗീകരിക്കുന്നതിനുമുള്ള യു.എസ് ശ്രമങ്ങളെ വിദേശകാര്യ മന്ത്രാലയം അഭിനന്ദിച്ചു. പ്രമേയം മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കുന്നത് ഉറപ്പാക്കാൻ മന്ത്രാലയം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. ശാശ്വത വെടിനിർത്തൽ, ഗസ്സ മുനമ്പിൽ നിന്ന് ഇസ്രായേൽ സേനയെ പൂർണമായി പിൻവലിക്കൽ, പുനർനിർമാണം എന്നിവയാണവ. കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള സമാധാന ചർച്ചകളെ പിന്തുണക്കുന്നതായും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

