ബഹ്‌റൈനിൽ ഇന്ന് ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
text_fieldsമനാമ: ബഹ്‌റൈനിൽ ഇന്ന് ചൂടുകൂടിയ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്നും ചില പ്രദേശങ്ങളിൽ പ്രാദേശികമായി ഇടിമിന്നലോട് കൂടിയ മേഘങ്ങൾ രൂപപ്പെടാനും ഉച്ചയോടെ മഴ പെയ്യാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മണിക്കൂറിൽ 5 മുതൽ 10 നോട്ട് വരെ വേഗതയിൽ തെക്കൻ ദിശയിൽ നിന്നായിരിക്കും പ്രധാനമായും കാറ്റ് വീശുക. എന്നാൽ ചില സമയങ്ങളിൽ കാറ്റിന്റെ വേഗത 25 നോട്ട് വരെ ഉയരാൻ സാധ്യതയുണ്ട്.
ഇന്ന് രാജ്യത്ത് കൂടിയ താപനില 36 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 24 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്താൻ സാധ്യതയുണ്ട്. അന്തരീക്ഷ ഈർപ്പം 25 ശതമാനം മുതൽ 85 ശതമാനം വരെയായിരിക്കും. അതേസമയം, രാത്രിയോടെ കാലാവസ്ഥ സാധാരണ നിലയിലാകുമെന്നും തെളിഞ്ഞ അന്തരീക്ഷമായിരിക്കുമെന്നും കാലാവസ്ഥാ പ്രവചനത്തിൽ പറയുന്നു.

