Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കടൽപാതകളെ തന്ത്രങ്ങൾക്കായി ദുരുപയോഗം ചെയ്യരുത് -ബഹ്റൈൻ

text_fields
bookmark_border
യു.എൻ പൊതുസമ്മേളനത്തിന്‍റെ ഭാഗമായി ന്യൂയോർക്കിൽ സജീവ നയതന്ത്ര ഇടപെടലുകളുമായി ബഹ്‌റൈൻ
കടൽപാതകളെ തന്ത്രങ്ങൾക്കായി ദുരുപയോഗം ചെയ്യരുത് -ബഹ്റൈൻ
cancel

ന്യൂയോർക്ക്/മനാമ: ഐക്യരാഷ്ട്രസഭയുടെ 81-ാമത് ജനറൽ അസംബ്ലിയുടെ ഭാഗമായി ന്യൂയോർക്കിൽ സജീവ നയതന്ത്ര ഇടപെടലുകളുമായി ബഹ്‌റൈൻ. സിവിലിയൻമാരുടെ സംരക്ഷണം ഉറപ്പാക്കൽ, അന്താരാഷ്ട്ര കടൽപ്പാതകളുടെ സുരക്ഷ, ജി.സി.സി-ആസിയാൻ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം എന്നിവയ്ക്ക് മുൻഗണന നൽകിക്കൊണ്ട് ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി ഉന്നതതല യോഗങ്ങളിൽ പങ്കെടുത്ത് സംസാരിച്ചു.

യുക്രെയിൻ വിഷയത്തിൽ ചേർന്ന യു.എൻ രക്ഷാസമിതി യോഗത്തെ അഭിസംബോധന ചെയ്ത അൽ സയാനി, നീണ്ടുനിൽക്കുന്ന യുദ്ധവും കടുത്ത മാനുഷിക പ്രത്യാഘാതങ്ങളും കണക്കിലെടുത്ത് സിവിലിയന്മാരെ സംരക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങളും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളും കർശനമായി പാലിക്കണമെന്നും ജനവാസ മേഖലകൾക്കും സിവിലിയൻ കേന്ദ്രങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യ-യുക്രെയിൻ ചർച്ചകൾ പുനരുജ്ജീവിപ്പിക്കാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തുന്ന ശ്രമങ്ങളെ ബഹ്‌റൈൻ സ്വാഗതം ചെയ്തു.

കടൽപ്പാതകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ബഹ്‌റൈൻ, കാനഡ, എസ്റ്റോണിയ, ജപ്പാൻ, നെതർലൻഡ്സ്, ഫിലിപ്പീൻസ്, യൂറോപ്യൻ യൂണിയൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച മന്ത്രിതല യോഗത്തിലും വിദേശകാര്യ മന്ത്രി പങ്കെടുത്തു. ഹുർമുസ് കടലിടുക്ക്, ചെങ്കടൽ, ബാബ് അൽ മന്ദബ്, ബ്ലാക് സീ തുടങ്ങിയ തന്ത്രപ്രധാന പാതകളിൽ ബുദ്ധിമുട്ടുണ്ടാകുന്നത് ആഗോള വ്യാപാരത്തെയും ഊർജ്ജ-ഭക്ഷ്യ വിതരണത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. കടൽപ്പാതകളെ സമ്മർദ തന്ത്രങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നതിനെയും ഭീഷണിപ്പെടുത്താനുള്ള മാർഗ്ഗങ്ങളായും ഉപയോഗിക്കുന്നതിനെ അദ്ദേഹം എതിർത്തു.

ഇതുസംബന്ധിച്ച യു.എൻ രക്ഷാസമിതിയുടെ 2817, 2722 പ്രമേയങ്ങൾ പൂർണ്ണമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, ബഹ്‌റൈൻ, മറ്റ് ജി.സി.സി രാജ്യങ്ങൾ, ജോർദാൻ എന്നിവയ്ക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളെയും സൗദി അറേബ്യക്കും വാണിജ്യ കപ്പലുകൾക്കും നേരെ ഹൂതികൾ നടത്തുന്ന ആക്രമണങ്ങളെയും ശക്തമായി അപലപിച്ചു. സൗദി അറേബ്യയ്ക്ക് ബഹ്‌റൈന്റെ പൂർണ്ണ പിന്തുണയും അദ്ദേഹം ഐക്യദാർഢ്യവും പ്രഖ്യാപിച്ചു.

തുടർന്ന് നടന്ന ജി.സി.സി-ആസിയാൻ സംയുക്ത മന്ത്രിതല യോഗത്തിൽ അധ്യക്ഷത വഹിച്ച ഡോ. അബ്ദുല്ലത്തീഫ് ആൽ സയാനി, പ്രതിസന്ധി ഘട്ടങ്ങളിൽ ഗൾഫ് രാജ്യങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിനും ജി.സി.സിയുടെ മധ്യസ്ഥ ശ്രമങ്ങളെ അംഗീകരിച്ചതിനും ആസിയാൻ അംഗരാജ്യങ്ങൾക്ക് നന്ദി അറിയിച്ചു. 2023-ലെ ആദ്യ ഉച്ചകോടിക്ക് ശേഷം ഇരു മേഖലകളും തമ്മിലുള്ള പങ്കാളിത്തം വൻ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത വർഷം നടക്കുന്ന മൂന്നാമത് ഉച്ചകോടി മുന്നിൽ കണ്ട് ഇരു മേഖലകൾക്കും പ്രയോജനപ്പെടുന്ന പ്രായോഗിക പദ്ധതികൾ ആവിഷ്കരിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bahrain warns against misuse of sea lanes for strategic purposes
Next Story