‘BH Alert’ പോലെയുള്ള വ്യാജ സിവിൽ ഡിഫൻസ് ആപ്പുകൾക്കെതിരെ ബഹ്‌റൈനിൽ ജാഗ്രത നിർദേശം
text_fieldsമനാമ: ഔദ്യോഗിക സിവിൽ ഡിഫൻസ് സേവനമാണെന്ന് തെറ്റിദ്ധരിപ്പിച്ച് പാസ്‌വേഡുകളും ബാങ്കിംഗ് വിവരങ്ങളും ചോർത്തുന്ന വ്യാജ എമർജൻസി അലേർട്ട് ആപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി അധികൃതർ. ‘BH Alert’ എന്ന പേരിൽ പ്രവർത്തിക്കുന്ന ഈ വ്യാജ ആപ്പ് ആൻഡ്രോയിഡ് മൊബൈലുകളെ ലക്ഷ്യമിട്ടാണ് പ്രവർത്തിക്കുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിനെയും ഔദ്യോഗിക സർക്കാർ വെബ്‌സൈറ്റുകളെയും അനുകരിച്ചാണ് തട്ടിപ്പുകാർ ഈ ആപ്പ് പ്രചരിപ്പിക്കുന്നത്.
ഡ്രീം റിസർച്ച് ലാബ്സ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ സൈബർ തട്ടിപ്പിനെക്കുറിച്ചുള്ള വിവരങ്ങളുള്ളത്. മിസൈൽ ആക്രമണങ്ങളും സിവിൽ ഡിഫൻസ് സൈറണുകളും മുഴങ്ങുന്ന അവസരങ്ങൾ മുതലെടുത്താണ് തട്ടിപ്പുകാർ ഇത്തരം വ്യാജ ആപ്പുകൾ ജനങ്ങളിലേക്ക് എത്തിക്കുന്നത്. ഔദ്യോഗിക എമർജൻസി ആപ്പുകൾ എന്ന് തെറ്റിദ്ധരിച്ച് ആളുകൾ ഇവ ഡൗൺലോഡ് ചെയ്യുന്നത് പതിവായിട്ടുണ്ട്.
ഉപയോക്താക്കളുടെ ഫോണുകളുടെ നിയന്ത്രണം ഏറ്റെടുക്കാനും എസ്.എം.എസ് സന്ദേശങ്ങൾ, ഒ.ടി.പികൾ, കോൺടാക്റ്റുകൾ, ബാങ്കിംഗ് വിവരങ്ങൾ എന്നിവ ചോർത്താനും ഈ മാൽവെയറിന് സാധിക്കും. ആഭ്യന്തര മന്ത്രാലയം, സിവിൽ ഡിഫൻസ്, ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി തുടങ്ങിയ ഔദ്യോഗിക സ്ഥാപനങ്ങളുടെ ലോഗോകളും പേരുകളും ഉപയോഗിച്ചാണ് ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിന് സമാനമായ വ്യാജ വെബ്‌സൈറ്റുകൾ നിർമ്മിച്ച് 1,00,00ത്തിലധികം ഡൗൺലോഡുകളും വ്യാജ റിവ്യൂകളും നൽകിയാണ് ആളുകളെ കബളിപ്പിക്കുന്നത്.
ഔദ്യോഗിക വെബ്‌സൈറ്റുകളോ പരിശോധിച്ച സോഷ്യൽ മീഡിയ അക്കൗണ്ടുകളോ വഴി മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. വാട്സാപ്പ്, എസ്‌എംഎസ്, ഇമെയിൽ എന്നിവയിലൂടെ വരുന്ന അജ്ഞാത ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യരുതെന്ന് നിർദ്ദേശമുണ്ട്. ആപ്ലിക്കേഷനുകളുടെ ഒറിജിനൽ വെബ് വിലാസങ്ങൾ (play.google.com) കൃത്യമായി പരിശോധിക്കണമെന്നും സൈബർ സുരക്ഷാ വിദഗ്ദ്ധർ ഓർമ്മിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

