ആറാം ദേശീയ ടെലികോം നയം ആവിഷ്കരിച്ച് ബഹ്റൈൻ ; മൊബൈൽ ഫോൺ വരിക്കാരുടെ എണ്ണത്തിൽ 55 ശതമാനം വർധന
text_fieldsമനാമ: ബഹ്റൈനിൽ മൊബൈൽ ഫോൺ ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ വർധനയുണ്ടായതായി കണക്കുകൾ. ആറാം ദേശീയ ടെലികോം നയം ആവിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് പുറത്തുവിട്ട കണക്കുകളിലാണ് ടെലികോം രംഗത്ത് വൻ വളർച്ചയുണ്ടായതായി വ്യക്തമാകുന്നത്. മൊബൈൽ ഫോൺ വരിക്കാരുടെ എണ്ണത്തിൽ 55 ശതമാനം വർധനയുണ്ടായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2022ലെ രണ്ടാം പാദത്തിൽ രണ്ട് മില്യൺ മൊബൈൽ ഉപഭോക്താക്കൾ രാജ്യത്തുണ്ട്.
മൊത്തം ജനസംഖ്യക്കാനുപാതികമായ സിം കാർഡുകളുടെ എണ്ണത്തിലും വർധനവുണ്ടായി. ഇത് 137 ശതമാനമായാണ് വർധിച്ചത്. ലാൻഡ് ലൈൻ ഉപഭോക്താക്കൾ ഇതേ കാലയളവിൽ 221577 മാത്രമാണ്. ലാൻഡ് ലൈൻ ഉപഭോക്താക്കളുടെ എണ്ണത്തിലെ വർധന 14 ശതമാനം മാത്രമാണ്. ബ്രോഡ് ബാൻഡ് വരിക്കാരുടെ എണ്ണം 2022 രണ്ടാം പാദത്തിൽ രണ്ട് മില്യനാണ്. 2020ൽ ടെലികോം രംഗത്തുനിന്നുണ്ടായ വരുമാനം 460 മില്യൺ ദിനാറാണ്. 1981 ൽ പൊതുമേഖലയിൽ ബറ്റൽകോ ടെലികോം കമ്പനി തുടങ്ങിയപ്പോൾ 45627 വരിക്കാരാണ് ഉണ്ടായിരുന്നത്. 1982 ആയപ്പോൾ വരിക്കാരുടെ എണ്ണം വർധിച്ച് അമ്പതിനായിരമായി. 1985ൽ രാജ്യത്ത് ആദ്യമായി ഒപ്റ്റിക് ഫൈബർ കേബിൾ സ്ഥാപിച്ചതിനുശേഷം ടെലികോം വളർച്ച അതിദ്രുതമായിരുന്നു.
ഇന്റർനെറ്റ് സേവന വരിക്കാരുടെ ശരാശരി പ്രതിമാസ ഉപഭോഗം പത്തുവർഷത്തിൽ 12 മടങ്ങ് വർധിച്ചു. 2012ൽ ഒരു ഉപയോക്താവിന് പ്രതിമാസം 2GB എന്നതിൽ നിന്ന് 2022ൽ ഒരു ഉപയോക്താവിന് 27GB ആയാണ് വർധന. ആറാം ടെലികോം നയം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ബഹുരാഷ്ട്ര കമ്പനികളിൽനിന്ന് ടെൻഡറുകൾ ലഭിച്ചിട്ടുണ്ട്. മന്ത്രാലയത്തിനെ നയ രൂപവത്കരണത്തിൽ സഹായിക്കാൻ കൺസൾട്ടൻസിയെ നിയമിക്കാനും നയം നടപ്പാക്കാനാവശ്യമായ സഹായം നൽകാനുമാണ് ടെൻഡർ ക്ഷണിച്ചിരുന്നത്.
ആർതർ ഡി ലിറ്റിൾ, ബോസ്റ്റൺ കൺസൾട്ടിങ് ഗ്രൂപ് ഇന്റർനാഷനൽ എന്നീ കമ്പനികളാണ് ടെൻഡർ നൽകിയത്. 2003ൽ ആദ്യ ടെലികോം നയം രൂപവത്കരിച്ചപ്പോൾ സ്വകാര്യമേഖലയെക്കൂടി ഉൾപ്പെടുത്തി ടെലികോം രംഗത്ത് കുതിച്ചുചാട്ടമായിരുന്നു ഉദ്ദേശിച്ചിരുന്നത്. അഞ്ചാം ടെലികോം നയം രാജ്യത്തിന്റെ സാമ്പത്തിക താൽപര്യങ്ങളെ സംരക്ഷിക്കുന്ന രീതിയിൽ ടെലികോം മേഖലയിൽ കുതിച്ചുചാട്ടമുണ്ടാക്കി.
ഡൗൺലോഡിങ് സ്പീഡ് അടക്കം വർധിപ്പിക്കാനും കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനും കഴിഞ്ഞു. ഡൗൺലോഡിങ് ,അപ് ലോഡിങ് വേഗത വർധിപ്പിക്കാനും ഉദ്ദേശിച്ചായിരുന്നു നയം രൂപവത്കരിച്ചത്. ഐ.ടി മേഖലയുമായി ബന്ധപ്പെട്ട പുതിയ സാങ്കേതികതയുടെ കേന്ദ്രമായി രാജ്യത്തെ വളർത്താനാണ് ആറാം ടെലികോം പദ്ധതിക്കുവേണ്ടിയുള്ള നയരേഖ വിഭാവനം ചെയ്യുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.