ഗതാഗത സംവിധാനങ്ങൾ സുഗമമാക്കാൻ സമഗ്ര രൂപരേഖകളുമായി എം.പിമാർ
text_fieldsമനാമ: രാജ്യത്തെ ഗതാഗത സംവിധാനങ്ങൾ സുഗമമാക്കാൻ സമഗ്രമായ പദ്ധതികളുടെ നിർദേശവുമായി എം.പിമാർ. റൗണ്ട് എബൗട്ടുകളും വേഗ നിയന്ത്രണ ട്രാഫിക് ലൈറ്റുകളും മറ്റും ഒഴിവാക്കിയുമാണ് പുതിയ ഗതാഗത സംവിധാനത്തിനുള്ള രൂപരേഖ നിർദേശിച്ചത്. വാഹനങ്ങൾ ട്രാഫിക് സിഗ്നലുകളിൽ നിശ്ചലമാവുന്നതും ദീർഘനേരം ബ്ലോക്കുകളിൽപെടുന്നതും പതിവാണ്. ഇത്തരത്തിലുള്ള തടസ്സങ്ങൾ ഒഴിവാക്കാൻ പാകത്തിലുള്ള ഫ്ലൈഓവറുകളും അണ്ടർപാസുകളും നിർമിക്കണമെന്ന നിർദേശം ഉൾപ്പെടുന്നതാണ് പുതിയ രൂപരേഖ.
രാജ്യത്തെ റോഡുകളിൽ ട്രാഫിക് ലൈറ്റുകളും മറ്റു തടസ്സങ്ങളും ഒഴിവാക്കി കാര്യക്ഷമവും സ്വതന്ത്രവുമായ വാഹന ഗതാഗതം ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സാമ്പത്തിക കാര്യ സമിതി വൈസ് ചെയർമാൻ മുഹമ്മദ് അൽ മറാഫി പറഞ്ഞു. മറാഫിയുടെ നേതൃത്വത്തിലുള്ള അഞ്ച് എം.പിമാരുടേതാണ് നിർദേശം. പുതിയ സംവിധാനം നടപ്പാക്കുന്നതോടെ സമയ ലാഭം മാത്രമല്ല ഇന്ധന ഉപഭോഗം കുറക്കാനും ഡ്രൈവർമാരുടെ സമ്മർദവും കാർബൺ പുറന്തള്ളലും ഗണ്യമായി കുറക്കാനും കഴിയും. പദ്ധതി നടപ്പാക്കുന്നതോടെ രാജ്യത്തെ ഗതാഗത മേഖലയെ പുതിയതലത്തിലേക്കെത്തിക്കാൻ കഴിയുമെന്നും എം.പിമാർ വിഷയം ഉദ്ധരിച്ചു പറഞ്ഞു.
സ്വതന്ത്ര ഗതാഗത സംവിധാനം നിലവിൽവന്നാൽ ഗതാഗതത്തെ മാത്രമല്ല രാജ്യത്തെ താമസക്കാരുടെ മൊത്തം ജീവിത നിലവാരം മെച്ചപ്പെടുമെന്നും പുരോഗമന രാഷ്ട്രമെന്ന നിലയിൽ രാജ്യത്തിന്റെ ആഗോള പ്രതിച്ഛായ വർധിപ്പിക്കാനിടയാക്കുമെന്നും എം.പിയായ നജീദ് അൽ കുവാരി കൂട്ടിച്ചേർത്തു. ട്രാഫിക് ലൈറ്റുകളും റൗണ്ട് എബൗട്ടുകളും നീക്കം ചെയ്യുന്നതിലെ പ്രതിസന്ധികളെ മനസ്സിലാക്കുകയും അതിനെ മറികടക്കാനുള്ള നിർദേശങ്ങളെ സ്വീകരിച്ചുവരുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
പദ്ധതിയുടെ രൂപരേഖ നിലവിൽ പാർലമെന്റ് പബ്ലിക് യൂട്ടിലിറ്റീസ് ആൻഡ് എൻവയൺമെന്റ് അഫേഴ്സ് കമ്മിറ്റിക്ക് അവലോകനത്തിനായി സമർപ്പിച്ചിരിക്കയാണ്. അംഗീകാരം ലഭിച്ചാൽ മാറ്റം കൂടുതൽ പ്രയോജനമാകുന്ന പ്രദേശങ്ങളിൽ പ്രവൃത്തി ആരംഭിച്ച് ഘട്ടംഘട്ടമായി പദ്ധതി പൂർത്തീകരിക്കുമെന്നും അതിനായി ശ്രമിക്കുമെന്നും എം.പിമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

