ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ നിരത്തുകളിൽ 500 കാമറകൾ സ്ഥാപിക്കാനൊരുങ്ങി ബഹ്റൈൻ ട്രാഫിക് ഡയറക്ടറേറ്റ്
text_fieldsമനാമ: ബഹ്റൈൻ ട്രാഫിക് ഡയറക്ടറേറ്റ് 500 അത്യാധുനിക സ്മാർട്ട് കാമറകൾ സ്ഥാപിക്കാനൊരുങ്ങുന്നു. വിവിധതരം ഗതാഗതനിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള സാങ്കേതിക വിദ്യകളോടുകൂടിയ ഉയർന്ന നിലവാരമുള്ള കാമറകളാണ് സ്ഥാപിക്കുന്നത്. ട്രാഫിക് നിയമങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും റോഡുകളിൽ പൊതുസുരക്ഷ വർധിപ്പിക്കുന്നതിനും ഇത് ഒരു പ്രധാന ചുവടുവെപ്പാണെന്ന് ട്രാഫിക് ഡയറക്ടർ ജനറൽ മേജർ ജനറൽ ശൈഖ് അബ്ദുൽ റഹ്മാൻ ബിൻ അബ്ദുൽ വഹാബ് ആൽ ഖലീഫ പറഞ്ഞു. ഈയിടെ പ്രഖ്യാപിച്ച പരിഷ്കരിച്ച് റോഡ് നിയമങ്ങളും പിഴകളും ആയിരിക്കും ഇനി മുതൽ നിയമലംഘനം നടത്തുന്നവരെ കാത്തിരിക്കുന്നത്. കാമറ സ്ഥാപിക്കുന്നതിലൂടെ ലംഘനം കണ്ടെത്തിയാൽ മിനിറ്റുകൾക്കുള്ളിൽ നടപടികളുണ്ടാകും. ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിക്കുക, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, റെഡ് ലൈറ്റ് മുറിച്ചുകടക്കുക, അനിയന്ത്രിതമായ വേഗത്തിൽ വാഹനമോടിക്കുക, ഓവർടേക്കിങ് നിയമങ്ങൾ തെറ്റിക്കൽ തുടങ്ങി ഡ്രൈവിങ്ങിനിടെ ഉണ്ടായേക്കാവുന്ന എല്ലാ ലംഘനങ്ങളും കാമറ പകർത്തും, സ്പോട്ടിൽ ഫൈനും കിട്ടും.
ട്രാഫിക് സംവിധാനത്തെ പിന്തുണക്കുന്നതിനും അന്താരാഷ്ട്ര നിലവാരത്തിനനുസരിച്ച് അതിന്റെ സാങ്കേതിക അടിസ്ഥാനസൗകര്യങ്ങൾ നവീകരിക്കുന്നതിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശങ്ങൾക്കനുസരിച്ചാണ് ഈ സംരംഭം നടപ്പാക്കുന്നതെന്ന് ട്രാഫിക് ഡയറക്ടർ വിശദീകരിച്ചു.
ട്രാഫിക് കൗൺസിൽ ചെയർമാനായ ആഭ്യന്തരമന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ മാർഗനിർദേശങ്ങളെയും മേൽനോട്ടത്തെയും ഡയറക്ടർ ജനറൽ അഭിനന്ദിച്ചു. ട്രാഫിക് സംവിധാനം മെച്ചപ്പെടുത്തുന്നതിനും ഗതാഗതം സുഗമമാക്കുന്നതിലൂടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനും അദ്ദേഹത്തിനുള്ള താൽപര്യത്തെയും അദ്ദേഹം പ്രകീർത്തിച്ചു. ട്രാഫിക് നിയമത്തിലെ ചില വ്യവസ്ഥകളിൽ ഭേദഗതി വരുത്തുന്ന, രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ പുറത്തിറക്കിയ റോയൽ ഡിക്രി ലോ നമ്പർ (30) ഓഫ് 2025 ഫലപ്രദമായി നടപ്പാക്കുന്നതിന് ഈ ആധുനിക സംവിധാനം സഹായകമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
ആഗസ്റ്റ് 22ന് പ്രാബല്യത്തിൽ വന്ന ഈ ഉത്തരവ് ട്രാഫിക് നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ കർശനമാക്കിയിട്ടുണ്ട്. ഇത് പൊതുജനങ്ങളിൽ ഗതാഗത നിയമങ്ങളെക്കുറിച്ചുള്ള അവബോധവും അനുസരണവും വർധിപ്പിച്ചിട്ടുണ്ട്.ജീവനും സ്വത്തും സംരക്ഷിക്കുന്നതിനും സുരക്ഷിതവും സുസ്ഥിരവുമായ ഗതാഗതസംസ്കാരം വളർത്തുന്നതിനും സ്മാർട്ട് സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള നിരീക്ഷണവും സുരക്ഷാ പട്രോളിങ്ങുകളിലൂടെയുള്ള ഫീൽഡ് പരിശോധനകളും ബോധവത്കരണ പരിപാടികളും ട്രാഫിക് ഡയറക്ടറേറ്റ് തുടരുമെന്നും ഡയറക്ടർ ജനറൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

