ചൈനയിൽ റോഡ്ഷോ നടത്തി ബഹ്റൈൻ ടൂറിസം; ചൈനീസ് വിപണി ലക്ഷ്യം
text_fieldsചൈനയിൽ സംഘടിപ്പിച്ച ടൂറിസം റോഡ്ഷോയിൽ കലാപ്രകടനം നടത്തുന്ന ബഹ്റൈൻ
കലാകാരന്മാർ
മനാമ: ബഹ്റൈന്റെ ടൂറിസം സാധ്യതകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ട്രാവൽ ഏജൻറുമാരും ടൂറിസം വ്യവസായ പ്രമുഖരും ചൈനയിൽ നടന്ന റോഡ്ഷോയിൽ പങ്കെടുത്തു. ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി ഷാങ്ഹായിലും ഗ്വാങ്ഷൂവിലുമായാണ് പരിപാടി സംഘടിപ്പിച്ചത്.
ചൈനയിലെ പ്രമുഖ ഡെസ്റ്റിനേഷൻ മാനേജ്മെൻറ്, ടൂർ കമ്പനികളുമായുള്ള സഹകരണം ശക്തിപ്പെടുത്തുക, ബഹ്റൈന്റെ വിവിധങ്ങളായ ടൂറിസം സാധ്യതകൾ ചൈനീസ് വിപണിയിൽ എത്തിക്കുക എന്നിവയായിരുന്നു റോഡ്ഷോയുടെ പ്രധാന ലക്ഷ്യം.
ടൂറിസം സ്ട്രാറ്റജി 2022-2026 ന്റെ ഭാഗമായാണ് ഈ സംരംഭം. അന്താരാഷ്ട്ര പങ്കാളിത്തം വിപുലീകരിക്കാനും ചൈനീസ് വിപണിയിൽ ബഹ്റൈന്റെ സാന്നിധ്യം വർധിപ്പിക്കാനും ഇത് ലക്ഷ്യമിടുന്നു.ചൈനീസ് സഞ്ചാരികളെ ആകർഷിക്കുന്നതിനായി പ്രത്യേക ടൂറിസം പരിപാടികൾ വികസിപ്പിക്കുന്നതിനും ഉഭയകക്ഷി സഹകരണത്തിന് പുതിയ വാതിലുകൾ തുറക്കുന്നതിനും പരിപാടി ലക്ഷ്യമിട്ടു. നാല് ദിവസത്തെ റോഡ്ഷോയിൽ, ബഹ്റൈൻ പ്രതിനിധി സംഘം 140ൽ അധികം ഉഭയകക്ഷി യോഗങ്ങൾ പ്രമുഖ യാത്രാ, ടൂറിസം കമ്പനികളുമായി നടത്തി. ട്രാവൽ മീഡിയ പ്രതിനിധികൾ, ഇൻഫ്ലുവൻസർമാർ, എയർലൈൻ കമ്പനികൾ, ലക്ഷ്വറി ടൂർ ഓപറേറ്റർമാർ എന്നിവരും ചർച്ചകളിൽ സജീവമായി പങ്കെടുത്തു.
ബഹ്റൈന്റെ തനതായ ടൂറിസം ആകർഷണങ്ങൾ, പൈതൃകത്തിന്റെയും ആധുനികതയുടെയും സമന്വയം, സാംസ്കാരികം, വിനോദം, കായികം, ബിസിനസ് ടൂറിസം തുടങ്ങിയ വൈവിധ്യമാർന്ന അനുഭവങ്ങൾ എന്നിവയെല്ലാം ബഹ്റൈൻ പ്രതിനിധി സംഘം ചൈനീസ് പങ്കാളികൾക്ക് മുമ്പിൽ അവതരിപ്പിച്ചു. രാജ്യത്തെ പുതിയ പദ്ധതികളും നൂതന അടിസ്ഥാന സൗകര്യങ്ങളും എടുത്തുപറഞ്ഞു. ഗൾഫ് എയർ അടുത്തിടെ ഷാങ്ഹായിയിലേക്കും ഗ്വാങ്ഷൂവിലേക്കും ആരംഭിച്ച നേരിട്ടുള്ള വിമാന സർവിസുകൾ ടൂറിസം സഹകരണത്തിന് എങ്ങനെ ഉപയോഗിക്കാമെന്നും ചർച്ചകളിൽ പ്രധാന വിഷയമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

