നെറ്റ്‌വർക്കുകളുടെ ഗുണനിലവാരം നിലനിർത്തുന്നതിൽ ബഹ്‌റൈന് ആഗോള നേട്ടം
text_fieldsമനാമ: അമിത തിരക്കുള്ള സമയങ്ങളിൽ മൊബൈൽ നെറ്റ്‌വർക്കുകളുടെ ഗുണനിലവാരം നിലനിർത്തുന്നതിൽ ബഹ്‌റൈൻ ലോകത്തിലെ തന്നെ മുൻനിര രാജ്യങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചതായി പുതിയ പഠന റിപ്പോർട്ട്. പ്രമുഖ അന്താരാഷ്ട്ര നെറ്റ്‌വർക്ക് ടെസ്റ്റിംഗ് സ്ഥാപനമായ ഊക്‌ല പുറത്തുവിട്ട റിപ്പോർട്ടിലാണ് യുകെ, ജർമ്മനി ഉൾപ്പെടെയുള്ള പ്രമുഖ യൂറോപ്യൻ രാജ്യങ്ങളേക്കാൾ മികച്ച പ്രകടനമാണ് ബഹ്‌റൈനിലെ ടെലികോം ശൃംഖലകൾ കാഴ്ചവെക്കുന്നതെന്ന് വ്യക്തമാക്കുന്നത്. അമിത നെറ്റ്‌വർക്ക് തിരക്ക് കണക്കാക്കുന്ന 'മൊബൈൽ കൺജഷൻ റേറ്റിംഗിൽ' ബഹ്‌റൈൻ 17.9 പോയിന്റാണ് നേടിയത്. യൂറോപ്യൻ രാജ്യങ്ങളുടെ ശരാശരി റേറ്റിംഗ് 28.8 ആയിരിക്കെയാണ് ഈ നേട്ടം. ഡെൻമാർക്ക് (19.6), ജർമ്മനി (28.8), യുകെ (30.7) തുടങ്ങിയ രാജ്യങ്ങളെക്കാൾ മികച്ച പ്രകടനമാണ് ബഹ്‌റൈൻ കാഴ്ചവെച്ചത്. 2025 മൂന്നാം പാദത്തിൽ 38-ന് അടുത്തായിരുന്ന ബഹ്‌റൈന്റെ കൺജഷൻ സ്കോർ, അടിസ്ഥാന സൗകര്യങ്ങളിലെ വലിയ നിക്ഷേപത്തിലൂടെയും 5 ജി സ്റ്റാൻഡ്‌എലോൺ, 5ജി അഡ്വാൻസ്ഡ് സംവിധാനങ്ങളുടെ വ്യാപനത്തിലൂടെയും ഗണ്യമായി മെച്ചപ്പെടുകയായിരുന്നു.
ഉയർന്ന ടെലികോം ഇൻഫ്രാസ്ട്രക്ചർ നിക്ഷേപവും വിപുലമായ 5ജി ശൃംഖലയും കാരണം ഈ വർഷത്തെ ആദ്യ പാദത്തിൽ ബഹ്‌റൈൻ, യുഎഇ, ഖത്തർ, കുവൈത്ത് എന്നീ നാല് ഗൾഫ് രാജ്യങ്ങൾ സ്പീഡ്‌ടെസ്റ്റ് ഗ്ലോബൽ ഇൻഡക്സിൽ ആധിപത്യം പുലർത്തി. യൂറോപ്യൻ ടെലികോം മേഖല സാമ്പത്തിക പ്രതിസന്ധികളും 5ജി വ്യാപനത്തിലെ മന്ദഗതിയും നേരിടുമ്പോൾ ഗൾഫ് മേഖല ടെലികോം രംഗത്ത് വൻ നിക്ഷേപമാണ് നടത്തുന്നത്.
അതേസമയം, റമദാൻ പോലുള്ള പ്രത്യേക അവസരങ്ങളിൽ സാങ്കേതിക വെല്ലുവിളികൾ നേരിടാറുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഇഫ്താർ സമയങ്ങളിൽ ആളുകൾ സന്ദേശങ്ങൾ അയക്കുന്നതും കോളുകൾ ചെയ്യുന്നതും വീഡിയോ സ്ട്രീം ചെയ്യുന്നതും വർദ്ധിക്കുന്നത് കാരണം നെറ്റ്‌വർക്ക് വേഗത സാധാരണ നിലയുടെ 60 ശതമാനത്തോളമായി കുറയാറുണ്ട്. എന്നാൽ രാത്രി വൈകുന്നതോടെ ഇത് സാധാരണ നിലയിലാകും. 5ജി അല്ലാത്ത നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്നവർക്കാണ് ഈ സമയങ്ങളിൽ കൂടുതൽ തടസ്സം നേരിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

