ലബനാനുമായുള്ള നയതന്ത്ര ബന്ധം പുനരാരംഭിക്കാനൊരുങ്ങി ബഹ്റൈൻ
text_fieldsലബനീസ് പ്രധാനമന്ത്രി നവാഫ് സലാമുമായി വഹീദ് മുബാറക് സയ്യാർ കൂടിക്കാഴ്ചക്കിടെ
മനാമ: നീണ്ട നാലുവർഷത്തെ ഇടവേളക്കുശേഷം ലബനാനുമായുള്ള നയതന്ത്ര ബന്ധം പുനരാരംഭിക്കാനൊരുങ്ങി ബഹ്റൈൻ. ബൈറൂതിലെ എംബസി ഉടൻ തുറക്കുമെന്നും റെസിഡന്റ് അംബാസഡറെ നിയമിക്കുമെന്നുമാണ് റിപ്പോർട്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിക്കുന്ന നീക്കമാണിത്.
നിലവിൽ സിറിയയിലെ ബഹ്റൈൻ അംബാസഡർ ആയ വഹീദ് മുബാറക് സയ്യാർ ആണ് ലബനാൻ അംബാസഡർ ആയി ചുമതലയേൽക്കുക എന്നാണ് വിവരം. കഴിഞ്ഞ ദിവസം ലബനീസ് പ്രധാനമന്ത്രി നവാഫ് സലാമുമായി അംബാസഡർ കൂടിക്കാഴ്ച നടത്തിയിരുന്നു. ലബനാന്റെ പ്രതിസന്ധി ഘട്ടത്തിൽ ബഹ്റൈൻ നൽകിയ പിന്തുണയെക്കുറിച്ചും നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാനുള്ള രാജ്യത്തിന്റെ സന്നദ്ധതയും സയ്യാർ കൂടിക്കാഴ്ചയിൽ അറിയിച്ചിരുന്നു. ബഹ്റൈനുമായുള്ള ബന്ധം ദൃഢപ്പെടുത്താനുള്ള താൽപര്യം ലബനീസ് പ്രധാനമന്ത്രിയും പ്രകടമാക്കി. ലബനാനും നിരവധി ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള വലിയ നയതന്ത്ര തർക്കത്തെത്തുടർന്ന് 2021 ഒക്ടോബറിലാണ് ബഹ്റൈൻ ബൈറൂതിലെ എംബസി അടച്ചത്. യമനിലെ സൗദി നേതൃത്വത്തിലുള്ള സൈനിക നടപടിയെ ലബനാന്റെ മുൻ ഇൻഫർമേഷൻ മന്ത്രി ജോർജ് കോർദാഹി വിമർശിച്ചതാണ് ഈ പിരിമുറുക്കങ്ങൾക്ക് കാരണം. അദ്ദേഹത്തിന്റെ പരാമർശങ്ങൾ വലിയ തിരിച്ചടിക്ക് കാരണമാവുകയും, ബഹ്റൈന് പുറമെ സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത് രാജ്യങ്ങളും ലബനാനിൽനിന്ന് തങ്ങളുടെ അംബാസഡർമാരെ തിരിച്ചുവിളിക്കുകയും ലബനീസ് അംബാസഡർമാരെ ഗൾഫ് രാജ്യങ്ങളിൽനിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
പ്രതിസന്ധി ലഘൂകരിക്കുന്നതിനായി 2021 ഡിസംബറിൽ കോർദാഹി രാജിവെച്ചിരുന്നു.ഇപ്പോൾ, ബഹ്റൈന്റെ ഈ പുതിയ തീരുമാനത്തോടെ ഇരുപക്ഷവും പരസ്പര ബഹുമാനത്തിലും പ്രാദേശിക സഹകരണത്തിലും അധിഷ്ഠിതമായ ഒരു പങ്കാളിത്തം പുനർനിർമിക്കാൻ തയാറായിരിക്കയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

