ബഹ്റൈനിൽ 2035 ഓടെ 3.6 ദശലക്ഷം മരങ്ങൾ വെച്ചുപിടിപ്പിക്കും
text_fieldsമന്ത്രി വഈൽ ബിൻ നാസർ അൽ മുബാറക് റാശിദ് എക്വസ്ട്രിയൻ ആൻഡ് ഹോഴ്സ് റേസിങ് ക്ലബ് സന്ദർശനത്തിനിടെ
മനാമ: ബഹ്റൈനിൽ 2035 ഓടെ 3.6 ദശലക്ഷം മരങ്ങൾ വെച്ചുപിടിപ്പിക്കാൻ ലക്ഷ്യമിടുന്നതായി മുനിസിപ്പാലിറ്റി, കാർഷികകാര്യ മന്ത്രി വഈൽ ബിൻ നാസർ അൽ മുബാറക്. ബഹ്റൈന്റെ ദേശീയ വനവത്കരണ പദ്ധതിയുടെ ഭാഗമായ ഈ പ്രവൃത്തി കേവലം മരങ്ങൾ നടുന്നതിനപ്പുറം ദീർഘകാല പാരിസ്ഥിതിക സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതിനും പൊതു ഇടങ്ങൾ മനോഹരമാക്കുന്നതിനും സമൂഹത്തിന്റെ പങ്കാളിത്തം വളർത്തുന്നതിനും വേണ്ടിയുള്ളതാണെന്ന് മന്ത്രി പറഞ്ഞു. പരിസ്ഥിതി സംരക്ഷിക്കുന്നതിനും സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ദേശീയ കാഴ്ചപ്പാടിന്റെ ഭാഗമായി രാജ്യത്തുടനീളം ഹരിത ഇടങ്ങൾ വർധിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതയും മന്ത്രി പറഞ്ഞു.
റാശിദ് എക്വസ്ട്രിയൻ ആൻഡ് ഹോഴ്സ് റേസിങ് ക്ലബ് സന്ദർശിക്കവെ ക്ലബിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന മരങ്ങൾ നടുന്ന പ്രവർത്തനങ്ങൾ വിലയിരുത്തിയായിരുന്നു മന്ത്രിയുടെ പ്രതികരണം. മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി എൻജിനീയർ ശൈഖ് മിഷാൽ ബിൻ മുഹമ്മദ് അൽ ഖലീഫ, ബരീഖ് അൽ റീതാജ് മാനേജിങ് ഡയറക്ടർ ഡോ. മാഹെർ അൽ ശാഇർ, ക്ലബ് സി.ഇ.ഒ യൂസഫ് ഒസാമ ബുഹെജി എന്നിവരും അദ്ദേഹത്തെ അനുഗമിച്ചിരുന്നു.
ക്ലബിന്റെ സുപ്രീം കൗൺസിൽ ചെയർമാനായ ശൈഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിൽ ക്ലബ് നടത്തിയ വികസനത്തെ മന്ത്രി പ്രശംസിച്ചു. ഹരിതസംരംഭങ്ങൾ ബഹ്റൈനിലെ ഒരു കായിക, വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ക്ലബിന്റെ സ്ഥാനം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വനവത്കരണ പദ്ധതിയുടെ മുന്നോട്ടുപോക്കിൽ മന്ത്രാലയം വഹിക്കുന്ന പങ്കിനെ അഭിനന്ദിച്ച ബുഹൈജി, ബഹ്റൈനിൽ മരങ്ങൾ വർധിപ്പിക്കുന്നത് കാലാവസ്ഥവ്യതിയാനം നേരിടുന്നതിനും ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും ഭാവി തലമുറകൾക്ക് ഹരിതഭാവിക്കുമുള്ള നിർണായക നീക്കമാണെന്നും കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

