സമൂഹമാധ്യമ ദുരുപയോഗത്തിന് ബഹ്റൈനിൽ ഇനി കടുത്ത ശിക്ഷ
text_fieldsമനാമ: സോഷ്യൽ മീഡിയയും ഇതര വാർത്താമാധ്യമങ്ങളും ദുരുപയോഗം ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ നൽകാനൊരുങ്ങി രാജ്യം. പ്രവൃത്തിയുടെ ഗൗരവമനുസരിച്ച് ജയിൽ ശിക്ഷ ഉൾപ്പെടെ കഠിനമായ ശിക്ഷകൾ നൽകാനാണ് തീരുമാനം.
കഴിഞ്ഞ നവംബറിൽ വിഷയം ചർച്ചക്ക് വന്നിരുന്നെങ്കിലും കുറ്റവാളികൾക്ക് നൽകുന്ന പിഴകളുടെ കാര്യത്തിൽ സമവായമായിരുന്നില്ല. പുതിയ ഭേദഗതികൾ ചൊവ്വാഴ്ച പാർലമെന്റിൽ അവതരിപ്പിക്കപ്പെടും.
പുതിയ നിയമഭേദഗതി പ്രകാരം, മറ്റുള്ളവരെ വാക്കുകളിലൂടെയോ പ്രവൃത്തികളിലൂടെയോ അശ്ലീലതക്ക് പ്രേരിപ്പിച്ചാൽ 100 ദീനാറിനും 1,000 ദീനാറിനും ഇടയിൽ പിഴയോ മൂന്ന് മുതൽ ആറ് മാസം വരെ തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ നൽകാം. നിലവിൽ, കുറ്റവാളികൾക്ക് മൂന്നു മാസം വരെ തടവും 20 ദീനാർ പിഴയുമാണ് നൽകുന്നത്. കടുത്ത കുറ്റകൃത്യങ്ങളാണെങ്കിൽ അഞ്ച് വർഷം വരെ തടവും 5,000 ദീനാർവരെ പിഴയും നൽകാം. മറ്റുള്ളവരുടെ അനുചിതമായ ഫോട്ടോഗ്രാഫുകളോ വിഡിയോകളോ എടുക്കുകയോ പ്രചരിപ്പിക്കുകയോ, അവരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുകയോ ചെയ്യുന്നവർക്ക് 500 ദീനാറിനും ആയിരം ദീനാറിനുമിടയിൽ പിഴ ലഭിക്കും. ചിത്രങ്ങളോ വിഡിയോകളോ എഡിറ്റ് ചെയ്യുകയോ സംപ്രേഷണം ചെയ്യുകയോ ചെയ്യുക, സ്വകാര്യ സംഭാഷണം റെക്കോഡു ചെയ്ത് പ്രചരിപ്പിക്കുക എന്നിവ ചെയ്യുന്നവർക്കും ശിക്ഷ ലഭിക്കും.
ഒന്നിലധികം കുറ്റകൃത്യങ്ങൾ ചെയ്താൽ, പിഴ 3,000 ദീനാർമുതൽ 5,000 ദീനാർവരെ ആയിരിക്കും, നിയമലംഘകന് മൂന്നു വർഷം വരെ തടവും ലഭിക്കും. ഇരകളോ അവരുടെ നിയമ പ്രതിനിധികളോ കുടുംബാംഗങ്ങളോ നിശ്ചിത സമയപരിധിക്കുള്ളിൽ പരാതിപ്പെടേണ്ടതുണ്ടെന്നും നിയമഭേദഗതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

