അനധികൃത ടാറ്റൂ സ്റ്റുഡിയോകളെ പൂട്ടാനൊരുങ്ങി ബഹ്റൈൻ
text_fieldsമനാമ: ബഹ്റൈനിൽ അനധികൃത ടാറ്റൂ സ്റ്റുഡിയോകൾ വർധിക്കുന്ന സാഹചര്യത്തിൽ, പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും സാംസ്കാരിക മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നതിനും കർശന നിയമനിർമാണത്തിന് മുനിസിപ്പൽ അധികൃതർ ഒരുങ്ങുന്നു. അനധികൃത ടാറ്റൂ ചെയ്യുന്നതിനെ ഒരു പ്രത്യേക കുറ്റകൃത്യമായി പരിഗണിച്ച് കൂടുതൽ കടുത്ത ശിക്ഷകൾ ഉറപ്പാക്കാനാണ് പുതിയ നീക്കം. സതേൺ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുല്ല അബ്ദുല്ലത്തീഫാണ് ഈ നീക്കത്തിന് ചുക്കാൻപിടിക്കുന്നത്.
അനധികൃത ടാറ്റൂ പാർലറുകൾക്കെതിരെ കർശന നടപടി, ടാറ്റൂ ഉപകരണങ്ങളുടെയും മഷിയുടെയും ഇറക്കുമതിയിൽ കൂടുതൽ പരിശോധന, വീടുകളിൽനിന്ന് പ്രവർത്തിക്കുന്ന ടാറ്റൂ ചെയ്യുന്നവരെ കണ്ടെത്താൻ കർശന നിരീക്ഷണം എന്നിവ അദ്ദേഹം ആവശ്യപ്പെട്ടു. ബഹ്റൈനിൽ ടാറ്റൂ ചെയ്യുന്നത് നിയമവിരുദ്ധമാണ്, ടാറ്റൂ പാർലറുകൾക്ക് ലൈസൻസ് നൽകുന്നില്ലെന്നും അബ്ദുല്ലത്തീഫ് പറഞ്ഞു. എന്നിരുന്നാലും സലൂണുകൾ, ഹെയർഡ്രെസർമാർ, ചിലപ്പോൾ റെസിഡൻഷ്യൽ അപ്പാർട്മെന്റുകൾക്കുള്ളിൽ പോലും അനധികൃത പ്രവർത്തനങ്ങൾ വർധിച്ചതായി ഞങ്ങൾ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ, ഈ ലംഘനങ്ങൾ 2018ലെ പൊതുജനാരോഗ്യനിയമത്തിന്റെ കീഴിലാണ് വരുന്നത്. ഇതിന് പരമാവധി 1000 ദീനാർ പിഴയാണ് ശിക്ഷ. ഈ ശിക്ഷ ഇതിനെ തടയാൻ പര്യാപ്തമല്ലെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് ഈ പ്രവൃത്തിയെ നിയമത്തിൽ പ്രത്യേകമായി പരിഗണിച്ച് കൂടുതൽ കർശനമായ ശിക്ഷകൾ നൽകണമെന്നും അബ്ദുല്ലത്തീഫ് കൂട്ടിച്ചേർത്തു. വൃത്തിഹീനമായ സൂചികൾ, മലിനമായ മഷി, അല്ലെങ്കിൽ തെറ്റായ ചെയ്തികൾ എന്നിവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
ടാറ്റൂ ഉപകരണങ്ങളും മഷികളും രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയാൻ ബഹ്റൈന്റെ അതിർത്തികളിൽ കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും അദ്ദേഹം ആവശ്യപ്പെട്ടു. ഇവരുടെ വിതരണ ശൃംഖല തടസ്സപ്പെടുത്തിയാൽ, ഈ അനധികൃത ബിസിനസുകളുടെ പ്രവർത്തനം ഗണ്യമായി കുറക്കാൻ സാധിക്കുമെന്നും അദ്ദേഹം വാദിച്ചു. ഈ പ്രചാരണം വ്യക്തിപരമായ സ്വാതന്ത്ര്യം നിയന്ത്രിക്കാനല്ല, മറിച്ച് പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും സാംസ്കാരിക അഖണ്ഡത നിലനിർത്തുന്നതിനും വേണ്ടിയാണെന്ന് അബ്ദുല്ലത്തീഫ് ഊന്നിപ്പറഞ്ഞു.സ്ഥിരമായ ടാറ്റൂകൾ ഇസ്ലാമിൽ ഹറാം (നിഷിദ്ധം) ആയി കണക്കാക്കപ്പെടുന്നു. കാരണം അവ സ്രഷ്ടാവിന്റെ സൃഷ്ടിയിൽ മാറ്റം വരുത്തുന്ന പ്രവൃത്തിയാണ്. എന്നിരുന്നാലും, മൈലാഞ്ചി പോലുള്ള താൽക്കാലിക ശരീരകലകൾ അനുവദനീയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

