ആരോഗ്യ ടൂറിസം ഹബ്ബാകാൻ ബഹ്റൈൻ
text_fieldsമനാമ: ആരോഗ്യ ടൂറിസം മേഖലയിൽ ബഹ്റൈനെ ഒരു പ്രാദേശിക കേന്ദ്രമാക്കി മാറ്റുന്നതിനുള്ള നിർണായക നിയമനിർമാണത്തിന് രാജ്യം ഒരുങ്ങുന്നു. ഇത് സംബന്ധിച്ച പുതിയ കരട് നിയമം വരുംദിവസങ്ങളിൽ ശൂറാ കൗൺസിൽ ചർച്ചചെയ്യും. വിദേശ രോഗികൾക്ക് മികച്ച ചികിത്സ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനൊപ്പം രാജ്യത്തിന്റെ സാമ്പത്തിക വളർച്ച കൂടി ലക്ഷ്യമിട്ടാണ് ഈ നീക്കം. ഡോ. ജമീല അൽ സൽമാൻ, ഡോ. ജിഹാദ് അൽ ഫദൽ എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയാണ് ഈ 10 വകുപ്പുകളുള്ള നിയമ നിർദേശം സമർപ്പിച്ചത്. നിർദേശപ്രകാരം ആരോഗ്യ ടൂറിസം മേഖലയുടെ ഏകോപനത്തിനായി നാഷനൽ ഹെൽത്ത് ടൂറിസം കമ്മിറ്റി എന്ന പേരിൽ ഒരു ദേശീയ സമിതി രൂപവത്കരിക്കും. ചികിത്സചെലവുകൾ, ചികിത്സാരീതികൾ, സാധ്യതയുള്ള റിസ്കുകൾ എന്നിവ മുൻകൂട്ടി രോഗിയെ അറിയിക്കണം. കൃത്യമായ ഇൻവോയ്സുകൾ നൽകുകയും പ്രഖ്യാപിച്ച നിരക്കുകൾ പാലിക്കുകയും വേണം. ആരോഗ്യ ടൂറിസത്തിനായി എത്തുന്നവർക്ക് പ്രത്യേക വിസ അനുവദിക്കുന്നത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയവുമായി ചേർന്ന് നടപടികൾ സ്വീകരിക്കും.
നിയമങ്ങൾ ലംഘിക്കുന്ന ആരോഗ്യ സ്ഥാപനങ്ങൾക്കെതിരെ പിഴകൾ ചുമത്തും. ബഹ്റൈന്റെ ‘ഇക്കണോമിക് വിഷൻ 2030’ന് അനുസൃതമായാണ് ഈ നിയമം വിഭാവനം ചെയ്തിരിക്കുന്നത്. ആരോഗ്യം, വിനോദസഞ്ചാരം, വിസ, നിക്ഷേപം എന്നിങ്ങനെ വിവിധ മേഖലകൾ ഒത്തുചേരുന്ന ഒന്നായതിനാൽ എല്ലാ മന്ത്രാലയങ്ങളുടെയും സഹകരണം ഉറപ്പാക്കും. ടൂറിസം മന്ത്രാലയവും ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റിയും ഈ നീക്കത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. വിദേശത്തുനിന്ന് ചികിത്സക്കായി എത്തുന്നവർക്ക് താമസം, യാത്ര തുടങ്ങിയ സൗകര്യങ്ങൾ എളുപ്പമാക്കുന്നതിനും പദ്ധതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

