ആഗോള നിക്ഷേപങ്ങളുടെ ശ്രദ്ധാകേന്ദ്രമാകാൻ ബഹ്റൈൻ
text_fieldsമനാമ: ആഗോള നിക്ഷേപകരുടെയും ബിസിനസ് പ്രമുഖരുടെയും നയരൂപകർത്താക്കളുടെയും ശ്രദ്ധാകേന്ദ്രമായി ഒരിക്കൽ കൂടി ബഹ്റൈൻ മാറുന്നു. അമേരിക്ക, യൂറോപ്പ്, ഏഷ്യ, ഗൾഫ് മേഖല എന്നിവിടങ്ങളിൽ നിന്നുള്ള 200ൽ അധികം പ്രമുഖർ പങ്കെടുക്കുന്ന 'ഗേറ്റ്വേ ഗൾഫ് 2025' നിക്ഷേപക ഫോറത്തിന് മനാമ വേദിയാകും.
നവംബർ രണ്ട്, മൂന്ന് തീയതികളിൽ ബഹ്റൈൻ ബേയിലെ ഫോർ സീസൺസ് ഹോട്ടലിൽ നടക്കുന്ന ഈ ക്ഷണിതാക്കൾക്ക് മാത്രമായുള്ള ഫോറത്തിന്റെ പ്രധാന വിഷയം 'പുതിയ വ്യാപാര ചലനാത്മകതക്കായി ആഗോള നിക്ഷേപത്തെ പുനർവിചിന്തനം ചെയ്യുക' എന്നതാണ്.
ബഹ്റൈൻ ഇക്കണോമിക് ഡെവലപ്മെൻറ് ബോർഡ് (ഇ.ഡി.ബി) ആതിഥേയത്വം വഹിക്കുന്ന ഈ പരിപാടിക്ക് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുടെ പിന്തുണയുമുണ്ട്. ഗൾഫ് മേഖലയിലേക്കുള്ള നിക്ഷേപങ്ങൾക്ക് ബഹ്റൈൻ ഒരു വിശ്വസ്ത ആഗോള പ്രവേശന കവാടമായി വളരുന്നതിനെ ഈ ഉച്ചകോടി അടിവരയിടുന്നു.
12 ബില്യൺ ഡോളറിലധികം നിക്ഷേപങ്ങളും തന്ത്രപരമായ പങ്കാളിത്തങ്ങളും പ്രഖ്യാപിക്കപ്പെട്ട 'ഗേറ്റ്വേ ഗൾഫ് 2024'ന്റെ വിജയത്തിന് ശേഷം, വളർച്ച കൈവരിക്കുന്ന വിവിധ മേഖലകളിലെ അവസരങ്ങളെ നിക്ഷേപകരുമായി ബന്ധിപ്പിച്ച് 2025ലെ പതിപ്പ് ചർച്ചകളെ കൂടുതൽ മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നു.
ഡിജിറ്റൽ പരിവർത്തനം, ഊർജ മാറ്റം, ധനകാര്യ സേവനങ്ങൾ, നിർമാണം, ലോജിസ്റ്റിക്സ്, ടൂറിസം തുടങ്ങിയ മേഖലകളിലെ സഹകരണം പ്രതിനിധികൾ ചർച്ച ചെയ്യും. പാനൽ ചർച്ചകൾ, നിക്ഷേപകരുമായുള്ള വൺ-ഓൺ-വൺ മീറ്റിങ്ങുകൾ, ഗൾഫിലെ നിക്ഷേപ പദ്ധതികളുടെ പ്രദർശനങ്ങൾ എന്നിവ ഫോറത്തിന്റെ അജണ്ടയിൽ ഉൾപ്പെടുന്നു.
ദേശീയ ജി.ഡി.പിയുടെ 86 ശതമാനത്തിലധികം എണ്ണയിതര മേഖലകളാണ് സംഭാവന ചെയ്യുന്നത് എന്നതിനാൽ, ഗൾഫിലെ ഏറ്റവും വൈവിധ്യമാർന്ന സമ്പദ്വ്യവസ്ഥകളിൽ ഒന്നാണ് ഇന്ന് ബഹ്റൈൻ. രാജ്യത്തിന്റെ തന്ത്രപരമായ സ്ഥാനം, നൂതന അടിസ്ഥാന സൗകര്യങ്ങൾ, ബിസിനസ് സൗഹൃദ അന്തരീക്ഷം എന്നിവ ആഗോള മൂലധനത്തെ ആകർഷിക്കുന്നത് തുടരുന്നു.
2050ഓടെ മൂന്നിരട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്ന രണ്ട് ട്രില്യൺ ഡോളറിന്റെ ഗൾഫ് സമ്പദ്വ്യവസ്ഥയുടെ ഹൃദയഭാഗത്തെ തങ്ങളുടെ സ്ഥാനം ഇത് ഊട്ടിയുറപ്പിക്കുന്നു.
ബഹ്റൈന്റെ സാമ്പത്തിക പരിവർത്തനത്തിലും ഗൾഫിന്റെ സുസ്ഥിരവും വൈവിധ്യപൂർണവുമായ വളർച്ചക്കുള്ള ശ്രമങ്ങളിലും ലോകത്തിലെ നിക്ഷേപകരെയും തീരുമാനമെടുക്കുന്നവരെയും ഒരുമിച്ച് കൊണ്ടുവരുന്ന 'ഗേറ്റ്വേ ഗൾഫ് 2025' ഒരു പുതിയ ആത്മവിശ്വാസം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

