മലേഷ്യയെ തകർത്തു; ഏകദിന പരമ്പര സ്വന്തമാക്കി ബഹ്‌റൈൻ
text_fieldsമലേഷ്യക്കെതിരായ മത്സരത്തിനിടെ ബഹ്റൈൻ താരങ്ങൾ
മനാമ: മലേഷ്യക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിൽ ബഹ്‌റൈൻ ദേശീയ ടീമിന് ഉജ്ജ്വല വിജയം. ക്വാങ് ബയുമസ് ഓവലിൽ നടന്ന ആവേശകരമായ രണ്ടാം മത്സരത്തിൽ 41 റൺസിന് മലേഷ്യയെ പരാജയപ്പെടുത്തിയതോടെ, മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 2-0 എന്ന നിലയിൽ ബഹ്‌റൈൻ മുന്നിലെത്തി പരമ്പര സ്വന്തമാക്കി.
രണ്ടാം മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബഹ്‌റൈൻ ഒരു ഘട്ടത്തിൽ 110 റൺസിന് 9 വിക്കറ്റ് എന്ന നിലയിൽ തകർച്ചയിലായിരുന്നു. എന്നാൽ പത്താം വിക്കറ്റിൽ ഇമ്രാൻ ഖാനും (48 നോട്ടൗട്ട്), റിസ്‌വാൻ ബട്ടും (36) ചേർന്ന് നടത്തിയ ഐതിഹാസിക പോരാട്ടം കളി മാറ്റിമറിച്ചു. 87 റൺസിന്‍റെ റെക്കോർഡ് കൂട്ടുകെട്ടിലൂടെ ബഹ്‌റൈൻ സ്കോർ 197-ൽ എത്തിച്ചു. അഞ്ച് കൂറ്റൻ സിക്സറുകൾ പറത്തിയാണ് ഇമ്രാൻ ഖാൻ ടീമിനെ തുണച്ചത്.
ബൗളർമാരുടെ കരുത്തിൽ വിജയം
198 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ മലേഷ്യയെ ബഹ്‌റൈൻ ബൗളർമാർ വരിഞ്ഞുമുറുക്കി.ബാറ്റിങ്ങിൽ തിളങ്ങിയ റിസ്‌വാൻ ബട്ട് ബൗളിംഗിലും കരുത്തുകാട്ടി (3 വിക്കറ്റ്). അബ്ദുൾ മജീദ് അബ്ബാസിയും മൂന്ന് വിക്കറ്റുകൾ വീഴ്ത്തി മികച്ച പിന്തുണ നൽകി. 45.2 ഓവറിൽ 156 റൺസിന് മലേഷ്യൻ ഇന്നിംഗ്സ് അവസാനിച്ചു.
പരമ്പര തൂത്തുവാരാൻ ബഹ്‌റൈൻ
ആദ്യ മത്സരത്തിൽ ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം 15 റൺസിന് ബഹ്‌റൈൻ വിജയിച്ചിരുന്നു. അഹ്‌മർ ബിൻ നാസിർ (68), ഫിയാസ് അഹമ്മദ് (50) എന്നിവരുടെ അർധസെഞ്ചുറികളാണ് അന്ന് വിജയമൊരുക്കിയത്. പരമ്പര ഇതിനോടകം സ്വന്തമാക്കിയ ബഹ്‌റൈൻ, മൂന്നാം മത്സരത്തിലും വിജയിച്ച് മലേഷ്യയെ വൈറ്റ്‌വാഷ് ചെയ്യാനുള്ള ഒരുക്കത്തിലാണ്.
മാർച്ച് 16 തിങ്കളാഴ്ചയാണ് അവസാന മത്സരം. യൂട്യൂബിലൂടെ ഈ മത്സരം തത്സമയം കാണാൻ സാധിക്കും. ഐസിസി റാങ്കിംഗിൽ മുന്നേറാൻ ഈ വിജയം ബഹ്‌റൈന് വലിയ കരുത്താകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

