ബഹ്‌റൈൻ-തായ്‌ലൻഡ് വ്യാപാര പങ്കാളിത്തം
text_fieldsബഹ്‌റൈൻ ചേംബർ തായ് ബിസിനസ് പ്രതിനിധിസംഘവുമായി നടത്തിയ നെറ്റ് വർക്കിങ് പരിപാടിയിൽ പങ്കെടുത്തവർ
മനാമ: ബഹ്‌റൈനും തായ്ലൻഡും തമ്മിലുള്ള ശക്തമായ വ്യാപാര പങ്കാളിത്തം കൂടുതൽ ഊട്ടിയുറപ്പിച്ച് ബഹ്‌റൈൻ ചേംബർ തായ് ബിസിനസ് പ്രതിനിധി സംഘവുമായി ഉന്നതതല നെറ്റ് വർക്കിങ് പരിപാടി സംഘടിപ്പിച്ചു. വിന്ദൻ ഗ്രാൻഡ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഇരു രാജ്യങ്ങളിലെയും പ്രധാന ബിസിനസ് പ്രമുഖർ പങ്കെടുത്തു. ബഹ്‌റൈൻ ചേംബറിന്റെ സെക്കൻഡ് വൈസ് ചെയർമാൻ മുഹമ്മദ് അൽ കൂഹേജി ഉഭയകക്ഷി ബന്ധത്തിന്റെ ശക്തി എടുത്തുപറഞ്ഞു.
2024ൽ ബഹ്‌റൈനും തായ്ലൻഡും തമ്മിലുള്ള വ്യാപാരം 384 മില്യൺ യു.എസ് ഡോളർ കടന്നതായി അദ്ദേഹം അറിയിച്ചു. ഇത് മുൻ വർഷത്തേക്കാൾ 14 ശതമാനത്തിന്‍റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വളരുന്ന ഈ പങ്കാളിത്തം കൂടുതൽ സഹകരണത്തിന് സാധ്യതകൾ നൽകുന്നുവെന്നും അൽ കൂഹേജി പറഞ്ഞു. ഇരു രാജ്യങ്ങളും നിക്ഷേപവും ഇന്നൊവേഷനും പ്രോത്സാഹിപ്പിക്കുന്നതിന് ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭക്ഷണം, ആരോഗ്യം, ഫാർമസ്യൂട്ടിക്കൽസ്, സാങ്കേതികവിദ്യ, റിയൽ എസ്റ്റേറ്റ് തുടങ്ങിയ സുപ്രധാന വളർച്ച മേഖലകളിൽ നിന്നുള്ള തായ്, ബഹ്റൈൻ പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു. തായ്‍ലൻഡ് അംബാസഡർ സുമേറ്റ് ചുലജത, ബഹ്‌റൈൻ ചേംബർ ട്രഷറർ ആരിഫ് ഹാജ്രെസ്, വൈസ് ട്രഷറർ വലീദ് കാനൂ, ബോർഡ് അംഗം യൂസഫ് സലാഹുദ്ദീൻ തുടങ്ങിയ ബഹ്‌റൈൻ ചേംബർ ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുത്തു. ബഹ്റൈൻ ചേംബറുമായുള്ള പങ്കാളിത്തത്തിൽ തായ് അംബാസഡർ നന്ദി രേഖപ്പെടുത്തുകയും, ഈ വർഷം രാജ്യത്ത് എത്തുന്ന മൂന്നാമത്തെ തായ് ബിസിനസ് പ്രതിനിധി സംഘമാണിതെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

