ബഹ്റൈൻ ടെന്നിസ് ഫെഡറേഷൻ; പുരുഷന്മാർക്ക് പ്രത്യേക പരിശീലന പരിപാടി ആരംഭിച്ചു
text_fieldsമനാമ: ടെന്നിസ് കളിക്കുന്ന വനിതാ അംഗങ്ങളുടെ പ്രത്യേക അഭ്യർഥന മാനിച്ച്, 18 വയസ്സിന് മുകളിലുള്ള പുരുഷന്മാർക്കായി ബഹ്റൈൻ ടെന്നിസ് ഫെഡറേഷൻ (ബി.ടി.എഫ്) ആദ്യമായി പ്രത്യേക പരിശീലന പരിപാടിക്ക് തുടക്കമിട്ടു.ഭർത്താക്കന്മാരെയും ബന്ധുക്കളെയും കായികരംഗത്തേക്ക് കൊണ്ടുവന്ന് കുടുംബപരമായി കളിക്കാൻ അവസരം ഒരുക്കുക എന്നതാണ് ഈ പുതിയ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം.പരിശീലകൻ ഇസ്ലാംന്റെ കീഴിൽ എല്ലാ വ്യാഴാഴ്ചകളിലും ശനിയാഴ്ചകളിലുമാണ് ഈ പ്രത്യേക പരിശീലന സെഷനുകൾ നടക്കുന്നത്. ശാരീരികക്ഷമത വർധിപ്പിക്കുന്നതിലും ടെന്നിസിന്റെ അടിസ്ഥാനകാര്യങ്ങൾ ആദ്യ ഘട്ടം മുതൽ പഠിപ്പിക്കുന്നതിലുമാണ് പരിശീലനം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
നിലവിൽ ഏഴുപേരാണ് ഈ പ്രതിവാര സെഷനുകളിൽ ഈസ ടൗണിലെ ഫെഡറേഷൻ കോർട്ടുകളിൽ പരിശീലനത്തിനായി ചേർന്നിട്ടുള്ളത്.ഫെഡറേഷന്റെ വനിത ഈവനിങ് പരിശീലന പരിപാടിയിൽ പങ്കെടുത്തവർ നൽകിയ നിർദേശത്തെ തുടർന്നാണ് പുതിയ കോഴ്സ് ആരംഭിച്ചതെന്ന് ബോർഡ് അംഗം ജമീല അൽ നഷാബ പറഞ്ഞു. ഫെഡറേഷൻ പ്രസിഡന്റ് ശൈഖ് അബ്ദുൽ അസീസ് ബിൻ മുബാറക് അൽ ഖലീഫ ഉടൻ തന്നെ നിർദേശത്തിന് അംഗീകാരം നൽകുകയും മൂന്നാഴ്ച മുമ്പ് ഒരുക്കങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു.ലഭ്യമായ വിഭവങ്ങൾക്കനുസരിച്ച് ഭാവി പരിപാടികൾക്കായി പൊതുജനങ്ങളിൽ നിന്ന് നിർദേശങ്ങൾ ക്ഷണിക്കുന്നത് വനിത കമ്മിറ്റി തുടരുമെന്ന് ഫെഡറേഷൻ വെബ്സൈറ്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

