ബഹ്റൈൻ പ്രതിഭ വേനൽതുമ്പി ക്യാമ്പിന് സമാപനം
text_fieldsബഹ്റൈൻ പ്രതിഭ വേനൽതുമ്പി ക്യാമ്പ് സമാപന പരിപാടിയിൽ നിന്ന്
മനാമ: കൂടുതൽ മികച്ച രീതിയിൽ പുതു തലമുറയെ വളർത്തിയെടുക്കുന്നതിനുള്ള ബദൽ വിദ്യാഭ്യാസ പ്രവർത്തനങ്ങളുമായി സംഘടിപ്പിക്കപ്പെട്ട വേനൽതുമ്പികൾ സമ്മർ ക്യാമ്പ് സമാപിച്ചു. വിനോദത്തിന്റെയും, വിജ്ഞാനത്തിന്റെയും ചിറകിലേറി പറന്ന വേനൽതുമ്പികളുടെ ഗ്രാൻഡ്ഫിനാലെയും, ഇന്ത്യയുടെ 80 ആം സ്വാതന്ത്ര്യദിനാഘോഷവും പ്രമുഖ മാധ്യമപ്രവർത്തകൻ പ്രദീപ് പുറവങ്കര ഉദ്ഘാടനം ചെയ്തു. ക്യാമ്പ് ഡയറക്ടറും, ബാലസംഘം സംസ്ഥാന പരിശീലകനുമായ പി. ടി. രാഹേഷ്, പ്രതിഭ മുഖ്യരക്ഷാധികാരി ബിനു മണ്ണിൽ, വനിതാവേദി ട്രഷറർ ഹർഷ ബബീഷ്, ബാലവേദി സെക്രട്ടറി അമൃത ജയബുഷ് എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ജനറൽ സെക്രട്ടറി സുലേഷ് വി. കെ. സ്വാഗതവും പ്രസിഡന്റ് മഹേഷ് കെ. വി. അധ്യക്ഷതയും വഹിച്ച ചടങ്ങിന് ക്യാമ്പ് സംഘാടകസമിതി കൺവീനർ കൂടിയായ കേന്ദ്ര കമ്മിറ്റി അംഗം ജോഷി ഗുരുവായൂർ നന്ദി രേഖപ്പെടുത്തി. പ്രവാസി മലയാളി കുട്ടികൾക്കിടയിൽ പരസ്പര സ്നേഹത്തിന്റെയും, സാമൂഹ്യ പ്രതിബദ്ധതയുടെയും പാഠങ്ങൾ പകർന്നു നൽകാൻ ഈ സമ്മർ ക്യാമ്പിലൂടെ കഴിഞ്ഞുവെന്നതാണ് ഈ ക്യാമ്പിന്റെ വിജയമെന്നും സംഘാടകർ പറഞ്ഞു.
പുതുമ നിറഞ്ഞൊരു ലോകം സ്വപ്നം കണ്ടുകൊണ്ടുള്ള സംഘഗാനത്തോടുകൂടിയാണ് വേനൽതുമ്പികളുടെ അവതരണം ആരംഭിച്ചത്. കുട്ടികളുടെ കുട്ടിക്കാലം കവർന്നെടുക്കുന്നവർക്കെതിരെ ശബ്ദമുയർത്തിയും, ഞങ്ങൾക്ക് വേണ്ടത് വിദ്യാഭ്യാസമാണ്, ഞങ്ങൾ പഠിക്കട്ടെ ഞങ്ങൾ വളരട്ടെ എന്ന് ആടിയും പാടിയും വേനൽതുമ്പികൾ സംഗീത ശില്പം അവതരിപ്പിച്ചു. പുലരിക്കതിരൊളി പൊട്ടിച്ചിതറി പാരിടമാകെ പടരുകയും, ഇരുളിന്റെ കാടിന് തീപിടിക്കുകയും ചെയ്യുന്ന കാലം വിദൂരമല്ല എന്ന് പറഞ്ഞു കൊണ്ടാണ് വേനൽതുമ്പികൾ ചുവടുവെച്ചത്.
കുടിലതന്ത്രങ്ങളിലൂടെ നമ്മുടെ സമാധാനവും, സ്വാതന്ത്രവും തകർക്കുന്നവർക്കെതിരെ ഒത്തൊരുമിച്ചു നിൽക്കാനുള്ള സന്ദേശം നൽകുന്ന നാടകം ബത്തൂട്ടിയാ സച്ചാട്ടാ കാണികളെ ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു.
ലോകപ്രശസ്ത ക്ലാസിക് നോവലായ വിക്ടർ ഹ്യൂഗോവിന്റെ പാവങ്ങൾ മലയാളത്തിലേക്ക് തർജ്ജമ ചെയ്ത് നൂറ് വർഷങ്ങൾ പൂർത്തിയായിരിക്കുകയാണ്. ഈ വിശ്വ സാഹിത്യത്തെ പരിചയപ്പെടുത്തിക്കൊണ്ട് പട്ടിണിയും, മർദ്ദനങ്ങളും ഇല്ലാത്ത സമത്വ സുന്ദരമായ ഒരു നവ ലോകത്തെ യാഥാർത്ഥ്യമാക്കാൻ നമുക്കാവണം എന്ന സന്ദേശമുയർത്തിയാണ് തുമ്പികൾ പാവങ്ങൾ എന്ന നാടകം അവതരിപ്പിച്ചത്.
നിസ്സാര കാര്യങ്ങൾക്ക് പോലും പരസ്പരം കലഹിക്കുകയും, തർക്കിക്കുകയും ചെയ്യുന്ന നമ്മളോട് സ്നേഹത്തിന്റെയും, സഹോദര്യത്തിന്റെയും, ഐക്യത്തിന്റെയും കഥ പറയുകയാണ് തല്ലുകളി എന്ന നാടകത്തിലൂടെ തുമ്പികൾ ചെയ്തത്. പുതിയ തലമുറയിലും പരസ്പര സ്നേഹത്തിൻ്റെയും, നന്മയുടെയും വെളിച്ചമുണ്ട് എന്നുറക്കെ പറഞ്ഞുകൊണ്ട് അവതരിപ്പിച്ച നാടകം കാണികൾക്ക് ഏറെ ഇഷ്ടമായി.
ഇരുണ്ട കാലത്തെ നമ്മൾ മറികടന്നത് നിരവധി പോരാട്ടങ്ങളിലൂടെയാണെന്നും, കേരളം എന്ന പ്രതീക്ഷയെ കാത്തുസൂക്ഷിക്കാൻ നമുക്കാവണമെന്നും ഓർമ്മപ്പെടുത്തി കൊണ്ട് മുതിർന്ന വേനൽതുമ്പികളും നൃത്താവിഷ്കാരം അവതരിപ്പിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് 80 വയസ്സാകുന്ന ഈ വേളയിൽ 'വീ ദ പീപ്പിൾ ഓഫ് ഇന്ത്യ' എന്ന് സന്ദേശം ഉയർത്തിപ്പിടിച്ചാണ് വേനൽ തുമ്പികളുടെ അവതരണം സമാപിച്ചത്.
പുതിയ കാലത്തിനൊപ്പം കുതിക്കുന്ന നമ്മുടെ കുട്ടികൾ കാലത്തിനൊത്ത് പുതിയ ചുവടുകൾ വെക്കുകയും, കാലത്തിൻ്റെ കണ്ണീര് മായ്ക്കാൻ ഞങ്ങളിതാ വരുന്നു എന്ന് പ്രഖ്യാപിച്ചുമാണ് ഈ വർഷത്തെ വേനൽത്തുമ്പികൾ കൂടണഞ്ഞത്. ഈ വേനലവധിക്കാലത്ത് കുട്ടികൾക്ക് അനൗപചാരിക വിദ്യാഭ്യാസത്തിലൂടെ അറിവ് വർദ്ധിപ്പിക്കുവാനും, വിനോദത്തിനും, വിജ്ഞാനത്തിനുമുള്ള അവസരം ഒരുക്കാനാണ് ബഹ്റൈൻ പ്രതിഭ ബാലവേദി സമ്മർ ക്യാമ്പ് സംഘടിപ്പിച്ചത്. ഒരു മാസത്തിലധികം നീണ്ടുനിന്ന ക്യാമ്പിലൂടെ കുട്ടികളിൽ ശാസ്ത്രബോധവും, ചരിത്രബോധവും, മതനിരപേക്ഷ ബോധവും പകർന്നു നൽകാനും, കുട്ടികളുടെ സർഗാത്മക കഴിവുകൾക്ക് പിന്തുണയും പ്രോത്സാഹനവും നൽകാനുമാണ് ശ്രമിച്ചത്. പ്രവാസി മലയാളി കുട്ടികൾക്കിടയിൽ പരസ്പര സ്നേഹത്തിന്റെയും, സാമൂഹ്യ പ്രതിബദ്ധതയുടെയും പാഠങ്ങൾ പകർന്നു നൽകാൻ ഈ സമ്മർ ക്യാമ്പിലൂടെ കഴിഞ്ഞുവെന്നതാണ് ഈ ക്യാമ്പിന്റെ വിജയമെന്നും സംഘാടകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

