ബഹ്റൈൻ പ്രതിഭ സോക്കർകപ്പ് സീസൺ- 3; 'ഗ്രീൻ സ്റ്റാർ ബോയ്സ് ' ജേതാക്കൾ
text_fieldsടൂർണമെന്റ് ജേതാക്കൾ
മനാമ: ബഹ്റൈൻ പ്രതിഭ സംഘടിപ്പിച്ച സോക്കർ കപ്പ് സീസൺ 3ൽ ഗ്രീൻ സ്റ്റാർ ബോയ്സ് ബഹ്റൈൻ (ജി.എസ്.ബി എഫ്.സി) ജേതാക്കളായി. അൽ അഹ്ലി ക്ലബ് സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ കൊണ്ടോട്ടി എഫ്.സി കെ.എം.സി.സിയെ എതിരില്ലാത്ത നാലു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ജി.എസ്.ബി എഫ്.സി ജേതാക്കളായത്.
പ്രതിഭ കായികവേദി ബഹ്റൈൻ കെ.എഫ്.എയുമായി കൂടി ചേർന്ന് സംഘടിപ്പിച്ച ടൂർണമെന്റിൽ പതിനാറ് ടീമുകൾ പങ്കെടുത്തു. വെള്ളിയാഴ്ച നടന്ന ആദ്യ സെമി ഫൈനലിൽ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് ജി.എസ്.ബി എഫ്.സി കേരള യുനൈറ്റഡ് എഫ്.സിയെ പരാജയപ്പെടുത്തി. തുടർന്ന് നടന്ന രണ്ടാം സെമിയിൽ യുനൈറ്റഡ് എഫ്.സി റിഫയും കൊണ്ടോട്ടി എഫ്.സി കെ.എം.സി.സിയും തമ്മിൽ നടന്ന മത്സരം നിശ്ചിത സമയത്ത് ഗോൾരഹിത സമനിലയിൽ പിരിയുകയും തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ മൂന്നിനെതിരെ നാലു ഗോളുകൾക്ക് കൊണ്ടോട്ടി എഫ്.സി കെ.എം.സി.സി വിജയിക്കുകയും ചെയ്തു.
ജി.എസ്.ബി എഫ്.സി അജ്മൽ ടൂർണമെന്റിലെ ബെസ്റ്റ് പ്ലെയർ, ടോപ് സ്കോറർ, മാൻ ഓഫ് ദി മാച്ച്, ഫസ്റ്റ് ഗോൾ ഫോർ ദി ഫൈനൽ എന്നീ പുരസ്കാരങ്ങൾക്ക് അർഹനായപ്പോൾ ജി.എസ്.ബി എഫ്.സിയുടെ തന്നെ ഷിബിൻ ബെസ്റ്റ് ഡിഫൻഡറായും കൊണ്ടോട്ടി എഫ്.സി കെ.എം.സി.സിയുടെ പ്രജിത്ത് മികച്ച ഗോൾകീപ്പറായും തെരഞ്ഞെടുക്കപ്പെട്ടു. ഫൈനൽ മത്സരത്തിന് ശേഷം നടന്ന ഔദ്യോഗിക ചടങ്ങിൽവെച്ച് ചാമ്പ്യന്മാർക്കുള്ള ട്രോഫി പ്രതിഭ മുഖ്യരക്ഷാധികാരി പി ശ്രീജിത്തും പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മോറാഴയും ചേർന്ന് കൈമാറി.
വിജയികൾക്കുള്ള ക്യാഷ് വൗച്ചർ പ്രതിഭ രക്ഷാധികാരി കമ്മിറ്റി അംഗം സുബൈർ കണ്ണൂർ കൈമാറി. റണ്ണർ അപ്പ് ട്രോഫി കെ.എഫ്.എ സെക്രട്ടറി സജാദ് സുലൈമാനും പ്രസിഡന്റ് അര്ഷാദ് അഹമദും ക്യാഷ് വൗച്ചർ പ്രതിഭ രക്ഷാധികാരി കമ്മിറ്റി അംഗം സി വി നാരായണനും സമ്മാനിച്ചു. ടൂർണമെന്റിൽ ഉടനീളം നല്ല പ്രകടനം കാഴ്ചവെച്ച ടീമിനുള്ള 'ഫെയർ പ്ലേ' അവാർഡ് സെൻട്രൽ എഫ്.സി കാലിക്കറ്റിന് പ്രതിഭാ പ്രസിഡന്റ് ബിനു മണ്ണിൽ കൈമാറി. മറ്റു വിവിധ വിഭാഗങ്ങളിൽപെട്ട സമ്മാനങ്ങൾ പ്രതിഭയുടെ രക്ഷാധികാരി കമ്മിറ്റി അംഗങ്ങൾ, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ , കായികവേദി അംഗങ്ങൾ, സംഘാടക സമിതി അംഗങ്ങൾ, പ്രതിഭ വനിതാ വേദി അംഗങ്ങൾ ചേർന്ന് കൈമാറി. സോക്കർ കപ്പ് സീസൺ 3ന്റെ മുഖ്യ സ്പോൺസർമാരായ ഫർസാന ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ രശ്മി രാമചന്ദ്രൻ, മഹേഷ് യോഗിദാസൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഔദ്യോഗിക ചടങ്ങുകൾക്ക് കായികവേദി ജോയന്റ് കൺവീനർ ശർമിള നന്ദി രേഖപ്പെടുത്തി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

